വലിയ തോതില്‍ തീ ആളി പടര്‍ന്നതോടെ ഇത് നിയന്ത്രണ വിധേയമാക്കാന്‍ നാട്ടുകാര്‍ വളരെ ബുദ്ധിമുട്ടി.
ഇടുക്കി: നെടുങ്കണ്ടത്തുണ്ടായ തീപിടുത്തത്തില്‍ ഏക്കറ് കണക്കിന് കൃഷി ഭൂമിയും പുല്‍മേടും കത്തി നശിച്ചു. നെടുങ്കണ്ടം ബേഡ് മെട്ട്, പരിവര്‍ത്തനമേട് മേഖലകളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ നിരവധിയാളുകളുടെ കൃഷിയിടങ്ങള്‍ കത്തി നശിച്ചു. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളാണ് കത്തി നശിച്ചത്.
ബേഡ്‌മെട്ട് സ്വദേശി പാതിപനത്ത് ബിജുവിന്‍റെ ഒരേക്കറോളം ഭൂമിയിലെ കൃഷി പൂര്‍ണ്ണമായും നശിച്ചു. ഉച്ചയോടെ വലിയ ഉയരത്തില്‍ തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്സിന് പല പ്രദേശങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നാട്ടുകാര്‍ മരചില്ലകള്‍ ഉപയോഗിച്ച് തീതല്ലി കെടുത്തി.
വലിയ തോതില്‍ തീ ആളി പടര്‍ന്നതോടെ ഇത് നിയന്ത്രണ വിധേയമാക്കാന്‍ നാട്ടുകാര്‍ വളരെ ബുദ്ധിമുട്ടി. മണിക്കൂറുകള്‍ പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം 50 ഏക്കറിലധികം പുല്‍മേട് കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ കൃഷിയിടങ്ങളിലേയ്ക്കും വീടുകളുടെ സമീപത്തേയ്ക്കും തീ എത്താതെ അണയ്ക്കാന്‍ സാധിച്ചു.
കൊടും വേനലിനെ തുടര്‍ന്ന് കൃഷി കരിഞ്ഞുണങ്ങി തുടങ്ങിയ അവസ്ഥയിലായിരുന്നു. തീ പടര്‍ന്നതോടെ വര്‍ഷങ്ങളുടെ അധ്വാനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഹൈറേഞ്ചിലെ പുല്‍മേടുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ കാട്ടു തീ ഉണ്ടായാല്‍ ഇവ കൃഷിയിടങ്ങളിലേയ്ക്ക് പടരാതിരിക്കാന്‍ യാതൊരു തരത്തിലുള്ള മുന്‍കരുതലും ഇവിടങ്ങളിലില്ല.
