രാത്രി 3 മണി, മുറ്റത്ത് ആളിപ്പടര്‍ന്ന് തീ, അണയ്ക്കാൻ ശ്രമിച്ചപ്പോൾ ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു, ദുരഹത
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു
കോഴിക്കോട്: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. മെറ്റല്‍ വ്യാപാരിയായ പ്രവീണ്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടറുമാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രവീണ്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ പ്രവീണും ഭാര്യയും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ നിസഹായാവസ്ഥയിലാവുകയായിരുന്നു. വാഹനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. പയ്യോളി പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വീടും സ്ഥലവും വിട്ടുനല്‍കേണ്ടി വന്നതിനാല്‍ രണ്ട് വര്‍ഷം മുന്‍പാണ് പള്ളിക്കര നെയ്‌വാരണി ക്ഷേത്രത്തിന് സമീപത്തേക്ക് പ്രവീണ്‍ താമസം മാറിയത്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം