ആലപ്പുഴ:  കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടിച്ചത്. കയര്‍ വ്യവസായത്തിന് ആവശ്യമായ മെഷീനറികള്‍ നിര്‍മ്മിച്ച് സല്‍കുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണിത്. ഫാക്ടറിയിലെ മെഷിനറി നിര്‍മ്മിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. സ്റ്റോര്‍ റൂമിന് മുകളിലായി സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് മേല്‍ത്തട്ട് നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് തീ പിടുത്തമുണ്ടായത്. മുകള്‍ത്തട്ടില്‍ വെല്‍ഡ് ചെയ്യുന്നതിനിടയില്‍ സ്റ്റോര്‍ റൂമിലേയ്ക്ക് തീപ്പൊരി തെറിച്ചതാകാം തീപിടുത്ത കാരണം എന്നാണ് അനുമാനം. 

സ്റ്റോര്‍ റൂമില്‍ നിന്നും തീ മുകളിലേയ്ക്ക് ആളിപ്പടര്‍ന്നപ്പോള്‍ തന്നെ വെല്‍ഡിഗ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമൊഴിവായി. ഫാക്ടറിയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് തീ പടര്‍ന്ന് പിടിക്കും മുന്‍പ് വളരെ വേഗത്തില്‍ ആലപ്പുഴ അഗ്‌നിരക്ഷാസേനയെത്തി ഫോം ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക വാഹനങ്ങളുടെ സഹായത്താല്‍ തീ നിയന്ത്രണ വിധേയമാക്കി.