താമരശ്ശേരി ചുരത്തിൽ വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനാൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതുഗതാഗതത്തിന് ഇളവുണ്ടെങ്കിലും മറ്റു വാഹനങ്ങൾ കുറ്റ്യാടി ചുരം ഉൾപ്പെടെയുള്ള ബദൽ വഴികളിലൂടെ പോകേണ്ടിവരും.  

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ച (05.12.2025) ഏര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. ഇനി പറയുംപ്രകാരമുള്ള ക്രമീകരണങ്ങളാണ് മറ്റു വാഹനങ്ങള്‍ക്കായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും കല്‍പ്പറ്റ ഭാഗത്തു നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.

വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.