പട്ടിമറ്റത്ത് 21-കാരിയായ യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി. വീട്ടുകാർക്ക് ഊരിയെടുക്കാൻ കഴിയാതെ വന്നതോടെ യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ സഹായം തേടുകയും, ഫയർഫോഴ്സ് സംഘം സൂക്ഷ്മതയോടെ മൂക്കുത്തി ഊരിമാറ്റുകയും ചെയ്തു.

പട്ടിമറ്റം: അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങിയതിൽ വീട്ടുകാര്‍ പരിഭ്രാന്തരായി. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്. മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതൽ ആഴ്ന്നിറങ്ങിയതിനാൽ പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി ഊരിയെടുക്കാൻ സാധിച്ചില്ല. ശ്രമം തുടർന്നതോടെ യുവതിക്ക് വേദനയും അസ്വസ്ഥതയും കൂടി വന്നു.

Add Asianetnews as a Preferred SourcegooglePreferred

അഗ്നിരക്ഷാ നിലയത്തിലേക്ക്: മറ്റു വഴികളില്ലാതെ വന്നതോടെ രാത്രി 7.30-ഓടെ യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നേരിട്ടെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സീനിയർ ഫയർ & റസ്‌ക്യൂ ഓഫീസർ ശ്രീ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെ ട്യൂസർ, കത്രിക എന്നിവ ഉപയോഗിച്ച് മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു. ഫയർ & റസ്‌ക്യൂ ഓഫീസർമാരായ വിജിത്ത് കുമാർ, ജയേഷ്, അനു, ഹോംഗാർഡുകളായ പ്രദീപ്, രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.