മലപ്പുറത്ത് വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇളയ കുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടച്ചതോടെയാണ് ഇവർ അകത്ത് കുടുങ്ങിയത്. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ജനൽ കമ്പികൾ മുറിച്ചാണ് സേനാംഗങ്ങൾ ഇവരെ പുറത്തെത്തിച്ചത്.
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും മലപ്പുറം അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്ന അമ്മയ്ക്ക് പുറത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
അമ്മയും നാല് വയസ്സുള്ള കുഞ്ഞും വീടിനുള്ളിൽ നില്‍ക്കുന്നതിനിടെയാണ് രണ്ട് വയസ്സുള്ള ഇളയ കുട്ടി അബദ്ധത്തില്‍ മുറിയുടെ വാതില്‍ അടച്ചത്. വാതില്‍ അടഞ്ഞതോടെ അമ്മയ്ക്കും കുട്ടികള്‍ക്കും പുറത്തേക്ക് വരാന്‍ കഴിയാതെവന്നു. വീടിന്റെ മുന്‍വശത്തെ വാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നതിനാല്‍ അയൽവാസികൾക്ക് അകത്തുകയറാനായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മലപ്പുറം അഗ്‌നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി. വീടിനുള്ളില്‍ അമ്മയും രണ്ട് ചെറിയ കുട്ടികളും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
വാതില്‍ വഴി പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ ജനല്‍ വഴി വീടിനുള്ളില്‍ പ്രവേശിക്കാന്‍ അഗ്‌നിരക്ഷാസേന തീരുമാനിച്ചു. ഇതിനായി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ജനലിന്‍റെ കമ്പികള്‍ മുറിച്ച് അകത്തു കടന്നു. അമ്മയെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ചതോടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കെ സന്ദീപ്, കെ അഭിലാഷ്, കെ അബ്ദുല്‍ ജബ്ബാര്‍, ടി ഹരീഷ്, രാഗേഷ്, വി ബൈജു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
