പെട്രോൾ പമ്പിൽ എത്തിയ ആൾ കുപ്പിയിൽ പെട്രോൾ ആവശ്യപെടുകയായിരുന്നു. എന്നാൽ പമ്പ് ജീവനക്കാർ പെട്രോൾ നൽകിയില്ല, തുടർന്ന് കന്നാസിൽ പെട്രോൾ വാങ്ങിയ ഇയാൾ ഉടൻ പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റർ കത്തിക്കുകയായിരുന്നു
ഇരിങ്ങാലക്കുട: പെട്രോൾ പമ്പിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം ഒഴിവായത് വോളന്റീയർമാരുടെ തക്ക സമയത്തെ ഇടപെടലിൽ. ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുൻവശത്തെ പമ്പിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആളെ അതിസാഹസികമായാണ് തൃശ്ശൂർ ആപ്ത മിത്ര വോളന്റീയരുടെ രക്ഷിച്ചത്. ഇന്നലെ രാത്രി ഏകദേശം 8 മണിയോട് കൂടി പെട്രോൾ പമ്പിൽ എത്തിയ ആൾ കുപ്പിയിൽ പെട്രോൾ ആവശ്യപെടുകയായിരുന്നു. എന്നാൽ പമ്പ് ജീവനക്കാർ പെട്രോൾ നൽകിയില്ല,
തുടർന്ന് കന്നാസിൽ പെട്രോൾ വാങ്ങിയ ഇയാൾ ഉടൻ പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റർ കത്തിക്കുകയായിരുന്നു. സെക്കന്റുകൾക്കുള്ളിലാണ് ഇയാളുടെ ദേഹത്തേക്ക് തീ പടർന്നത്. ഈ സമയം സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷ നിലയത്തിലെ ആപ്ദ മിത്ര വോളന്റീയർ വിനു ഈ സംഭവം കണ്ടു. ദ്രുതഗതിയിൽ പമ്പിൽ ഓടി ചെന്ന് ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് ഇയാളുടെ ദേഹത്ത് പടർന്ന തീ അണയ്ക്കുകയും തീ പെട്രോൾ പമ്പിലേക്ക് തീ പടരാതെയും രക്ഷപെടുത്തി.
അഗ്നിശമന വകുപ്പിൽ നിന്നും കിട്ടിയ പരിശീലനം ലഭിച്ച ആളുടെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് പമ്പ് അധികൃതർ പറയുന്നത്. ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ട് പോയി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.
