കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് ബാബു നിലയത്തില്‍ അനില്‍കുമാര്‍-അനുമോള്‍ ദമ്പതികളുടെ മകന്‍ അനുഗ്രഹാണ് തോട്ടിലേക്ക് ചാടി സാഹസികമായ കുട്ടിയെ രക്ഷിച്ചത്
ആലപ്പുഴ: ട്യൂഷനുപോകും വഴി കല്‍ക്കെട്ടില്‍ നിന്ന് കാലുതെറ്റി തോട്ടില്‍ വീണ ഒന്നാം ക്ലാസുകാരനെ കൂട്ടുകാരനായ അഞ്ചാം ക്ലാസുകാരന്‍ സാഹസികമായി രക്ഷിച്ചു. ആലപ്പുഴ കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് പത്തില്‍വടക്കേച്ചിറ പ്രജിത്ത്-രാഖി ദമ്പതികളുടെ ഇളയമകന്‍ കാവാലം ഗവണ്‍മെന്‍റ് എല്‍പിഎസ് വിദ്യാര്‍ത്ഥി അഭിദേവാണ് അപകടത്തില്‍പെട്ടത്.
കാവാലം പഞ്ചായത്ത് ഏഴാം വാര്‍ഡ് ബാബു നിലയത്തില്‍ അനില്‍കുമാര്‍-അനുമോള്‍ ദമ്പതികളുടെ മകന്‍ അനുഗ്രഹാണ് തോട്ടിലേക്ക് ചാടി സാഹസികമായ കുട്ടിയെ രക്ഷിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലെത്തിയശേഷം അനുഗ്രഹും അഭിദേവും കൂട്ടുകാരുമൊത്ത് പെരുമാള്‍ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷന്‍ പഠനത്തിനായി നടന്നുപോകുകയായിരുന്നു.
കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുപോകുന്നതിനിടെയാണ് അഭിദേവ് കാല്‍ തെറ്റി സമീപത്തെ തോട്ടിലേക്ക് വീണത്. കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ പകച്ചു നിന്നപ്പോള്‍ അനുഗ്രഹ് സ്വന്തം ജീവന്‍ പോലും പണയം വെച്ച് തോട്ടിലേക്ക് ചാടി സുഹൃത്തിനെ എടുത്തുയര്‍ത്തി സമീപത്തെ കല്‍ക്കെട്ടിനരികെ എത്തിച്ചു. സംഭവം കണ്ട് മറുകരയില്‍ നിന്ന പ്രദേശവാസിയായ ഏതാനും പേര്‍ നീന്തിയെത്തി അഭിദേവിനെ കരയ്ക്കു കയറ്റി.
കാവാലം ഗവണ്‍മെന്‍റ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനുഗ്രഹ്. ആഴത്തിലേക്ക് അകപ്പെട്ടുപോകുമായിരുന്ന അഭിദേവിന് നീന്തല്‍ വശമുള്ള അനുഗ്രഹിന്‍റെ സമയോചിത ഇടപെടല്‍ മൂലം ജീവന്‍ തിരികെ ലഭിക്കുകയായിരുന്നു. അനുഗ്രഹിന്‍റെ മനോധൈര്യത്തെ പ്രശംസകൊണ്ട് മൂടുകയാണ് നാട്ടുകാരും സ്കൂള്‍ അധികൃതരുമെല്ലാം. ഗവണ്‍മെന്റ് യുപി സ്കൂളിലെ അധ്യാപകരും പിടിഎയും കുട്ടിയെ അനുമോദിച്ചു.


