Asianet News MalayalamAsianet News Malayalam

ആദ്യ തദ്ദേശ അദാലത്ത്: മുൻകൂട്ടി ലഭിച്ച 81.88 % പരാതികൾ തീർപ്പാക്കിയെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആദ്യത്തേതാണ് എറണാകുളത്ത് നടന്നത്.

First Local Body Adalat Ernakulam Minister M B Rajesh said that 81.88% of complaints received in advance have been resolved
Author
First Published Aug 17, 2024, 1:30 PM IST | Last Updated Aug 17, 2024, 1:30 PM IST

കൊച്ചി: എറണാകുളം ജില്ലാ തദ്ദേശ അദാലത്തിലേക്ക് ഓണ്‍ലൈനായി  ലഭിച്ച 81.88 % പരാതികളിലും അനുകൂലമായ പരിഹാരം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. മുൻകൂട്ടി സമർപ്പിച്ചതും നേരിട്ട് എത്തിയതും ഉൾപ്പെടെ 262 പരാതികളാണ് ആദ്യ ദിവസം അദാലത്തിൽ തീർപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആദ്യത്തേതാണ് എറണാകുളത്ത് നടന്നത്.

എറണാകുളത്ത് 549 പരാതികളാണ് ഓൺലൈനായി മുൻകൂട്ടി സമർപ്പിക്കപ്പെട്ടതെന്ന് മന്ത്രി രാജേഷ് അറിയിച്ചു. ഇതിൽ 254 പേർ നേരിട്ട് ഹാജരായി. ഈ പരാതികളിൽ 208 എണ്ണവും (81.88%) അനുകൂലമായ നിലയിൽ തീർപ്പാക്കിയെന്ന് മന്ത്രി അറിയിച്ചു. നിയമപരമായി ഒരു രീതിയിലും പരിഹരിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട 17 പരാതികൾ (6.6%) മാത്രമാണ് നിരസിച്ചത്. കൂടുതൽ സർക്കാർ തീരുമാനങ്ങൾക്കും നയപരമായ കൂടിയാലോചനകൾക്കും വേണ്ടി 29 പരാതികൾ കൈമാറിയിട്ടുണ്ട്. ഈ പരാതികളിലും വൈകാതെ പരിഹാരമുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. 

നേരിട്ട് അദാലത്ത് കേന്ദ്രത്തിൽ സമർപ്പിക്കപ്പെട്ടത് 236 പരാതികളാണ്. ഇതിൽ 26 എണ്ണം ഉടൻ തന്നെ തീർപ്പാക്കി. 11 പരാതികളിൽ താത്കാലിക തീർപ്പ് ലഭ്യമാക്കി. കൂടുതൽ പരിശോധനകൾക്കും, അതിനുശേഷമുള്ള തീരുമാനങ്ങൾക്കുമായി 199 പരാതികൾ കൈമാറി. ഈ പരാതികളിലും സമയബന്ധിതമായ പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ ഒഴികെയുള്ള എറണാകുളം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഇന്നലെ ജില്ലാ അദാലത്തിൽ പരിഗണിച്ചത്. കൊച്ചി കോർപറേഷന്റെ അദാലത്ത് ഇന്ന് ടൗൺ ഹാളിൽ നടക്കുകയാണ്.

ആഗസ്ത് 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപറേഷൻ, 9ന് തൃശൂർ, 10ന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുക. 

തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും സമയ പരിധിക്കകം സേവനം ലഭിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പരാതികളും നിവേദനങ്ങളും തുടങ്ങിയവയും അദാലത്തിൽ പരിഗണിക്കും. ബിൽഡിംഗ് പെർമിറ്റ്, വ്യാപാര - വാണിജ്യ - വ്യവസായ ലൈസ൯സുകൾ, സിവിൽ രജിസട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നി൪ദേശങ്ങൾ എന്നിവയും പരിഗണിക്കും. ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios