എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി ബോട്ടണി വിഷയത്തിലാണ് റാങ്ക് നേട്ടം. ഇതാദ്യമായാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ഒരാള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാമതെത്തുന്നത്. 

ഇടുക്കി: യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനത്തിനായ് കൈകോര്‍ത്ത് നാട്ടുകാര്‍. സാധാരണ കുടുംബത്തില്‍ നിന്നും ഉന്നത വിജയത്തിന്‍റെ മധുരം നുണഞ്ഞ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി സത്യപ്രിയ (20) യുടെ തുടര്‍പഠനം ഏറ്റെടുക്കുനാവാണ് നാട്ടുകാര്‍ ഒരുങ്ങുന്നത്. 

എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി ബോട്ടണി വിഷയത്തിലാണ് റാങ്ക് നേട്ടം. ഇതാദ്യമായാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ഒരാള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാമതെത്തുന്നത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ അടക്കം സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ റാങ്ക് ജേതാവിനെ അഭിനന്ദിച്ചു. ജനപ്രതിനിധികളും, വ്യാപാരി സംഘടനകളും, സന്നദ്ധസംഘടനകളും ഒത്തു ചേര്‍ന്നായിരിക്കും പഠനം ഏറ്റെടുക്കുന്നത്. 

സത്യപ്രിയയുടെ അഭിരുചിയനുസരിച്ച് തെരഞ്ഞെടുക്കുന്ന കോഴ്‌സിന് സാമ്പത്തികമായി പിന്തുണ നല്‍കുന്ന രീതിയിലായിരിക്കും സഹായം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. ഇതിനോടനുബന്ധിച്ച് മൂന്നാര്‍ ടൗണില്‍ വച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിക്കും. ചടങ്ങില്‍ വച്ചായിരിക്കും തുടര്‍പഠനത്തിന്‍റെ ചിലവുകള്‍ ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. 

മൂന്നാര്‍ ലിറ്റില്‍ ഫളവര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മൂന്നാര്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കിയ സത്യപ്രിയ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക് കോളേജിലായിരുന്നു ഡിഗ്രി പഠിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയി വിരമിച്ച മുത്തയ്യയുടെയും വീട്ടമ്മയായ ശാന്തിയുടെയും മകളാണ്. അച്ഛന്‍റെ ആഗ്രഹം പോലെ സിവില്‍ സര്‍വ്വീസ് നേടണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കുകയാണ് സത്യയുടെ ലക്ഷ്യം. 

ഏക സഹോദരി സംഗീതപ്രിയ മൂന്നാര്‍ ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളേജിലെ എം.കോം വിദ്യാര്‍ത്ഥിനിയാണ്. എല്ലാം രംഗത്തും വളര്‍ച്ചയുടെ പടവുകളിലേയ്ക്ക് കുതിയ്ക്കുന്ന മൂന്നാറിന്‍റെ വികസന പ്രതീകങ്ങളില്‍ ഒന്നും മാത്രമാണ് സത്യപ്രിയയെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. കലയോടും താല്പര്യമുള്ള സത്യപ്രിയ നല്ലൊരു ചിത്രകാരി കൂടിയാണ്.