സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശിനി കാര്‍ത്യായനിയമ്മയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ലാപ്‌ടോപ്പ് നല്‍കി. 96-ാം വയസ്സിലാണ് കാര്‍ത്യായനിയമ്മ ഒന്നാം റാങ്കിന് അര്‍ഹയായത്.

ആലപ്പുഴ: സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്കുനേടിയ തൊണ്ണൂറ്റിയേഴുകാരി കാര്‍ത്ത്യായനി അമ്മയ്ക്ക് സര്‍ക്കാര്‍ വക ലാപ്ടോപ്പ്. ആലപ്പുഴ ഹരിപ്പാടെ വീട്ടിലെത്തിയാണ് വിദ്യഭ്യാസമന്ത്രി ലാപ്ടോപ്പ് സമ്മാനിച്ചത്.

ഒന്നാം റാങ്കുകാരിയെ കാണാന്‍ സര്‍ക്കാരിന്‍റെ സമ്മാനവുമായാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വൈകീട്ടോടെ കാര്‍ത്ത്യായനി അമ്മയുടെ ഹരിപ്പാട്ടെ വീട്ടിലെത്തിയത്. ലാപ്ടോപ്പ് കിട്ടിയതോടെ കാര്‍ത്ത്യായനി അമ്മയുടെ സന്തോഷം ഇരട്ടിയായി. ലാപ്ടോപ്പ് ഓണ്‍ ചെയ്ത് കാര്‍ത്ത്യായനി അമ്മയുടെ വിരലുകള്‍ കീപാഡിലമര്‍ത്തി. കാര്‍ത്ത്യായനിയെന്ന് ഇംഗ്ലീഷില്‍ തെളിഞ്ഞുവന്നു. മുഴുവന്‍ പേരും വേണമെന്നായി കാര്‍ത്ത്യായനിയമ്മ. 

സാക്ഷരതാമിഷന്‍റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാംറാങ്കുകാരിയായ കാര്‍ത്ത്യായനിയമ്മ രാജ്യത്തെ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പ്രചോദനമായെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയാണ് കാര്‍ത്ത്യായനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. 96 -ാം വയസ്സിലാണ് കാര്‍ത്യായനിയമ്മ ഒന്നാം റാങ്കിന് അര്‍ഹയായത്. 

അക്ഷരലക്ഷം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചടങ്ങില്‍ കാര്‍ത്യായനിയമ്മ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും അവര്‍ മന്ത്രിയോട് പങ്കുവച്ചു.