സംസ്ഥാനത്ത് ഇതാദ്യം, 'ചങ്ക്സ്' സൗജന്യ ഇൻഷുറൻസുമായി മലപ്പുറം നഗരസഭ; ഗുണഫലം ലഭിക്കുക ഓട്ടോ തൊഴിലാളികൾക്ക്

മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വേണ്ട ഇൻഷുറൻസ് പ്രീമിയം നഗരസഭയാണ് അടയ്ക്കുന്നത്.

first time in Kerala chunks insurance scheme for auto drivers premium will be paid by malappuram municipality

മലപ്പുറം: മലപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ 'ചങ്ക്സ് ഓട്ടോ ഇൻഷുറൻസ് പദ്ധതി'ക്ക് തുടക്കം. സാധാരണക്കാർക്ക് താങ്ങാവാൻ കഴിയുമ്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുന്നതെന്ന്, ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.  

മലപ്പുറം നഗരസഭാ പ്രദേശത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ള മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വേണ്ടിയാണ് പദ്ധതി. വാഹനാപകടം, വീഴ്ച മൂലമുണ്ടാകുന്ന അപകടം, ക്ഷുദ്ര ജീവികളിൽ നിന്നുണ്ടാകുന്ന അപകടം, മറ്റു പൊതുവായ അപകടങ്ങൾ എന്നിവയ്ക്ക് 50,000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും. അംഗവൈകല്യം സംഭവിക്കുകയോ പൂർണമായി കിടപ്പിലാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപയും മരണ സംഭവിച്ചാൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപയും നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. ആയിരത്തോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വേണ്ട ഇൻഷുറൻസ് പ്രീമിയം നഗരസഭയാണ് അടയ്ക്കുന്നത്. തൊഴിലാളികൾക്ക് പദ്ധതി പൂർണമായും സൗജന്യമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത്. 

ഭരണകൂടങ്ങൾ ഭാവനാ സമ്പന്നമാകുമ്പോൾ സമൂഹത്തിലെ സർവ്വ മേഖലകളിലും അതിന്‍റെ ഗുണഫലം തെളിഞ്ഞുവരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഒട്ടനവധി ദേശീയശ്രദ്ധ ആകർഷിച്ച പദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം നഗരസഭ, സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടിയും ഭാവന സമ്പൂർണ്ണമായ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.

നിലവിൽ സർക്കാർ മാനദണ്ഡങ്ങളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് കണ്ടെത്തിയാണ് നഗരസഭ പദ്ധതിക്ക് വേണ്ട പണം കണ്ടെത്തിയത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നഗരസഭ മൂന്നാഴ്ചക്കകം നടപ്പിലാക്കി. രജിസ്ട്രേഷൻ ക്യാമ്പിനോട് അനുബന്ധിച്ച് ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണു പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഫസ്റ്റ് എയ്ഡ്, എമർജൻസി ചികിത്സാരീതികളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം പരിശീലനവും നൽകി. 

ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കുഞ്ഞിപ്പു കൊന്നോല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സിപി ആയിഷാബി, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, മലയാള മനോരമ സർക്കുലേഷൻ മാനേജർ രഞ്ജി തോമസ് എന്നിവർ പ്രസംഗിച്ചു.

'എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണം': ദിവ്യ എസ് അയ്യർക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios