ആലപ്പുഴ: ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുളള ആദ്യ ട്രെയിൻ ബീഹാറിലേക്ക് ഇന്ന് വൈകിട്ട് ആലപ്പുഴ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. മുൻപ് തയ്യാറാക്കിയ പട്ടിക പ്രകാരം അമ്പലപ്പുഴ താലൂക്കിൽ നിന്നും 549,കുട്ടനാട് നിന്നും 34,മാവേലിക്കര താലൂക്കിൽ നിന്നും 557 എന്നിങ്ങനെ 1140 അതിഥി തൊഴിലാളികളാണ് ബിഹാറിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്. ഇതിൽ കുറച്ചുപേർ പിൻവാങ്ങിയതിനെത്തുടർന്ന് 1124 പേരാണ് മടങ്ങിയത്. ഇവരെ പ്രത്യേകം ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസ്സുകളിലാണ് അമ്പലപ്പുഴ, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലെ കേന്ദ്രങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്. 

ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലാണ് ഇവരെ എത്തിക്കുക. ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ ഭക്ഷണവും ക്രമീകരിച്ചാണ് അതിഥി തൊഴിലാളികളെ യാത്രയാക്കിയത്. 930 രൂപയാണ് ടിക്കറ്റ് ചാർജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ആലപ്പുഴയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. മടങ്ങി പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബർ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയിരുന്നു. 

താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവർക്കായി കെഎസ്ആർടിസി ബസ് ഒരുക്കി നിർത്തി. ലിസ്റ്റുനോക്കിയാണ് തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തിൽ ഓരോ ബസ്സിലും കയറ്റിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഓരോ ബസ്സിലും അതിഥി തൊഴിലാളികളെ അനുഗമിച്ചു. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒരു സീറ്റിൽ ഒരാൾ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. അമ്പലപ്പുഴ നിന്ന് 24 ബസ്സ്, മാവേലിക്കര നിന്ന് 21,കുട്ടനാട് നിന്ന് ഒരു ബസ്സിലുമാണ് അതിഥി തൊഴിലാളികളെ എത്തിച്ചത്. ഒരു ബസ്സിൽ പരമാവധി 27 പേരാണ് ഉണ്ടായിരുന്നത്. 

മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസ്സിൽ വച്ചുതന്നെ തൊഴിലാളികൾക്ക് നൽകിയിരുന്നു. ഈ ബസുകൾ നിശ്ചിത ഇടവേളകളിൽ ബീച്ചിൽ സമീപം വന്ന് പാർക്ക് ചെയ്യുകയും റെയിൽവേ സ്റ്റേഷന് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്കിൽ നിന്ന് വിളിക്കുന്ന മുറയ്ക്ക് ബസ്സുകൾ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ വച്ച് ഓരോ ബസ്സിലും ഉള്ള തൊഴിലാളികളെ എണ്ണി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ട്രയിനിൽ ഇരിപ്പിടങ്ങളിൽ എത്തിക്കുകയും ചെയ്തുു. തുടർന്ന് കൂടെ അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥൻ ഇവർക്ക് ടിക്കറ്റ് നൽകി. ഇതുവഴി തിക്കുംതിരക്കും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ജി. ആർ. എഫും അനുഗമിക്കുന്നുണ്ട്.