ഇടുക്കി: ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാനത്ത് ആദ്യമായി ഗോത്രവര്‍ഗ്ഗ പാര്‍ലമെന്‍റ്  നടത്തുന്നു. ഓരോ ഗോത്രത്തില്‍ നിന്നുള്ളവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ പാര്‍ലമെന്‍റ്  ബില്ലാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.

ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ പഞ്ചായത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഗോത്രവര്‍ഗ പാര്‍ലമെന്‍റ് നടത്തുന്നത്.  ഒക്ടോബര്‍ അഞ്ചിന്  രാവിലെ ഒമ്പതിന് മറയൂര്‍-കോവില്‍ക്കടവ് ജയമാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അബ്‍ദുള്‍ റഹീം ഉദ്ഘാടനം ചെയ്യും.  

51  കുടികളില്‍ നിന്ന് അഞ്ച് വീതം പ്രതിനിധികളെ പങ്കെടുപ്പിച്ചു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആയിരിക്കും പാര്‍ലമെന്‍റ് നടത്തുക. ആദിവാസികള്‍ ഒറ്റയ്ക്കും കൂട്ടായും നേരിടുന്ന പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശകലനം ചെയ്യും.

"

ഓരോ ഗോത്രത്തില്‍ നിന്നുള്ളവര്‍ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കും. അത് ക്രോഡീകരിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായിട്ടുള്ള പാര്‍ലമെന്റ് പാസാക്കിയ ബില്ലാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ് ചെയര്‍മാന്‍ ആര്‍. സുരേഷ്‌കുമാര്‍, മുനിസിഫ് മജിസ്‌ട്രേറ്റ് ഉബൈദ്ദുള്ള എന്നിവര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ആദിവാസികള്‍ക്കായി ഇത്തരമൊരു പാര്‍ലമെന്റ് നടത്തപ്പെടുന്നത്.

പരീക്ഷണ അടിസ്ഥാനത്തില്‍ നടക്കുന്ന പാര്‍ലമെന്‍റ്  വിജയത്തിലായാല്‍ കുടുതല്‍ കുടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.  ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള , ഇടുക്കി ജില്ലാ സെഷന്‍സ് ജഡ്ജ്  മുഹമ്മദ് വാസീം, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ്, ജില്ലാ പൊലീസ് മേധാവി നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍. ആരോഗ്യദാസ്, ഡെയ്‌സി റാണി രാജേന്ദ്രന്‍, പി. രാമരാജ്, കണ്‍വീനര്‍ ജോമോന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.