ചേര്‍ത്തല: കടൽ തീരത്തോടു ചേര്‍ന്നുളള ട്രോളിങ് ബോട്ടുകളുടെ മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പും മെറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി തുടങ്ങി. മത്സ്യ തൊഴിലാളികളുടെ പരാതികളെ തുടര്‍ന്ന് ജില്ലയുടെ വടക്കന്‍ തീരത്ത് വ്യാഴാഴ്ച മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട് നടത്തിയ പരിശോധനക്കിടെ 20 ട്രോളിങ് ബോട്ടുകള്‍ കണ്ടെത്തിയെങ്കിലും ഒന്നും പിടിയിലായില്ല.

പരിശോധനാ ബോട്ട് ശ്രദ്ധയില്‍ പെട്ടതോടെ വലമുറിച്ചിട്ട് ബോട്ടുകള്‍ കടന്നതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.ബോട്ടുകളുടെ രജിസ്റ്റര്‍ നമ്പര്‍ പോലും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഒരു ചെറുബോട്ട് പിടിയിലായെങ്കിലും  താക്കീതുചെയ്തു വിട്ടയക്കുകയായിരുന്നു. 

ഇതു ട്രോളിങ് ബോട്ടല്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍ പറഞ്ഞു. മുറിച്ചിട്ട വല പിന്നീട് തൊഴിലാളികള്‍ കരക്കുകയറ്റി.