Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളി ചികിത്സാ പിഴവ് കാരണം മരിച്ച സംഭവം; ഡിവൈഎസ്‌പി അന്വേഷിക്കാൻ ഉത്തരവ്

ഡോക്ടർമാർക്കെതിരെയുള്ള പരാതി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

fisherman death due to proper treatment in Alappuzha investigation
Author
Alappuzha, First Published Jun 5, 2020, 10:52 PM IST

ആലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ വയറുവേദനയും ചർദ്ദിയുമുണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച മത്സ്യത്തൊഴിലാളി വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ പിറ്റേന്ന് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെയുള്ള പരാതി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സർക്കാർ ഉത്തരവ് ലംഘിച്ച് സ്ഥലം എസ്ഐയെ കൊണ്ട് അന്വേഷണം നടത്തിയത് ശരിയായ നടപടിയല്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പുതിയ അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. അമ്പലപ്പുഴ വാടയ്ക്കൽ പുന്നയ്ക്കൽ വീട്ടിൽ ലീലാമ്മ സ്റ്റീഫൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2015 സെപ്റ്റംബർ 3 ന് രാത്രി 11 നാണ് ലീലാമ്മയുടെ ഭർത്താവ് സ്റ്റീഫനെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചത്. ചികിത്സ കിട്ടാതെ പിറ്റേന്ന് രാവിലെ 7ന് മരിച്ചു. വിഷയത്തിൽ ആലപ്പുഴ ഡിവൈഎസ്‌പി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റീഫന്റെ മരണം ഡോക്ടറുടെ അനാസ്ഥ കാരണമാണെന്ന പരാതി ഫലപ്രദമായി അന്വേഷിക്കുന്നതിന് പകരം സ്റ്റീഫന്റെ അയൽക്കാരും ബന്ധുക്കളും ചേർന്ന് ആശുപത്രി ഐസിയുവിന്റെ വാതിൽ തകർത്ത സംഭവമാണ് പൊലീസ് അന്വേഷിച്ചത്. ഇതിൽ ലീലാമ്മയുടെ മകൻ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടിരുന്നു. 

കമ്മീഷനിലെ അന്വേഷണ വിഭാഗം തുടർന്ന് അന്വേഷണം നടത്തി. ഡോക്ടറുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ചികിത്സാ പിഴവ് സംബന്ധിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി. 2008 ജൂൺ 16നുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ചികിത്സ സംബന്ധിച്ച് ഡോക്ടറുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ്. വിദഗ്ദ്ധ മെഡിക്കൽ ചാനൽ രൂപീകരിച്ച് അവരുടെ അഭിപ്രായം തേടുകയും വേണം. സ്റ്റീഫന്റെ കാര്യത്തിൽ സർക്കാർ ഉത്തരവിന് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പുതിയ അന്വേഷണം പൂർണമായും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തണമെന്ന് കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

Read more: ചികിത്സയ്ക്കായി ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു

Follow Us:
Download App:
  • android
  • ios