ഇടുങ്ങിയ ചെറുവഴികള്‍ ഏറെയുള്ള ഇടനാട്, പാണ്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഭിത്തികളിലിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരിപ്പോഴും ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തില്‍ തന്നെയാണ്

ചെങ്ങന്നൂര്‍: പ്രളയത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ട ചെങ്ങന്നൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. സ്ഥലമറിയാത്ത ആളുകളായതിനാല്‍ പലയിടത്തും വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ ബോട്ടുകള്‍ ഭിത്തിയിലും മരത്തിലും ഇടിച്ചാണ് കേടുപാടുകള്‍ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇവര്‍ ചെങ്ങന്നൂര്‍. പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടനാട്, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ചെറിയ വഴികള്‍ ധാരാളമുണ്ടെന്നും ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു. സ്ഥലങ്ങള്‍ അറിയാവുന്ന നാട്ടുകാരെ കൂടി രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. 

രാവിലെ മുതല്‍ ചെങ്ങന്നൂരിന് സമീപമുള്ള വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന നൂറിലധികം പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും പല ബോട്ടുകളിലായി തിരിച്ച് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.