ആലപ്പുഴ: യന്ത്രത്തകരാറ് മൂലം ഒഴുകി നടന്ന മത്സ്യ ബന്ധന ബോട്ടിലെ എട്ട് തൊഴിലാളികളെ സാഹസികമായി രക്ഷപെടുത്തി. ആയിരം തെങ്ങ് സ്വദേശി സുഭാഷിന്‍റെ ഉടമസ്ഥതയിലുള്ള നക്ഷത്ര എന്ന ബോട്ടാണ് നടുക്കടലില്‍ അപകടത്തിലായത്.

വിവരമറിഞ്ഞ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ അഭയന്‍ യദുകുലം, ജയന്‍, പോലീസുകാരായ യേശുദാസ്, ജോസഫ്, സ്രാങ്ക് കുഞ്ഞുമോന്‍ എന്നിവര്‍ നടത്തിയ തെരച്ചിലില്‍ കായംകുളം താപനിലയത്തിന് പടിഞ്ഞാറ് 12 ഭാഗം വെള്ളത്തില്‍ ബോട്ട് കണ്ടെത്തി. 

തുടര്‍ന്ന് ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മത്സ്യത്തൊഴിലാളികളുമായി ബോട്ട് അഴീക്കല്‍ തുറമുഖത്തെത്തിച്ചു. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുഭാഷ്, ജയന്‍, സഹദേവന്‍, സുദേവന്‍, സുഭാഷ്, രമണന്‍, ബാബു, മുരളി എന്നീ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.