ഇന്നലെ രാവിലെ തന്നെ ഒരു പോത്തിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്തുമണിയോടെയാണ് ബാക്കി മൂന്നെണ്ണത്തിനെ പിടികൂടിയത്.

പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലിൽ നാടിനെ പരിഭ്രാന്തിയാഴ്ത്തി ഫാമിൽ നിന്നും പുറത്ത് ചാടിയ പോത്തുകള്‍. പെരുമ്പളം കിഴക്കേക്കായലിൽ വട്ടവയലിനു സമീപമുള്ള പാലാക്കെട്ട് ഫാമിൽനിന്നാണ് അഞ്ചു പോത്തുകൾ പുറത്തുചാടിയത്. പെരുമ്പളം ദ്വീപിലേക്ക് കായൽ നീന്തിക്കയറിയെത്തിയെ പോത്തുകളിൽനാലെണ്ണത്തിനെ പിടികൂടി. പിടികൊടുക്കാതെ വിലസുന്ന ഒരു പോത്ത് നാടിനെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

രണ്ട് ദിവസം മുമ്പ് ഫാമിൽ നിന്നും പുറത്ത് ചാടിയ പോത്തുകള്‍ കായൽനീന്തി പെരുമ്പളം കാളത്തോട് ഭാഗത്തേക്കു കയറിയത്. പിടികൊടുക്കാതെ വിലസുന്ന പോത്ത് കഴിഞ്ഞദിവസം രാവിലെ 9.30-ഓടെ പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂൾവളപ്പിൽ ഓടിക്കയറി.പിടിച്ചുകെട്ടാൻ ചെന്ന നാട്ടുകാരിൽ നിന്നും പോത്ത് കുതറിയോടി രക്ഷപ്പെട്ടു. പിടികൊടുക്കാത്ത പോത്ത് പെരുമ്പളത്തെ അഞ്ച്, ആറ്, ഒൻപത്, 11,12 വാർഡുകളിലൂടെ കറങ്ങി നടക്കുകയാണ്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രികരും പോത്തിന്‍റെ മുന്നിൽപ്പെട്ടെങ്കിലും ആക്രമണത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് രാവിലെ 6.30-ഓടെയാണ് പോത്തുകൾ പെരുമ്പളത്തെത്തിയത്. ഫാമിൽ പോത്തുകളെ പരിപാലിക്കാൻ ചുമതലപ്പെട്ട മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിന്നാലെ പെരുമ്പളത്തെത്തി നാലെണ്ണത്തിനെ പിടികൂടിക്കൊണ്ടുപോയി. 

ഇന്നലെ രാവിലെ തന്നെ ഒരു പോത്തിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്തുമണിയോടെയാണ് ബാക്കി മൂന്നെണ്ണത്തിനെ പിടികൂടാൻ കഴിഞ്ഞത്. അതിനിടയിൽ ഒരു പോത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഈ പോത്ത് വയലുകളും തോടുകളും തെങ്ങിൻപുരയിടങ്ങളുമൊക്കെ ചേർന്ന ദ്വീപിൽത്തന്നെയുണ്ട്. ഉടനെ ഈ പോത്തിനെയും പിടികൂടുമെന്ന് ഫാം ഉടമ പറഞ്ഞു.

Read More : അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; വെഞ്ഞാറമൂട്ടിൽ യുവാവിന് ദാരുണാന്ത്യം