കോഴിക്കോട്:  മഴക്കെടുതിയില്‍ സർവ്വവും നഷ്ടപ്പെട്ട ജീഷ്മയുടെ വിവാഹം പറഞ്ഞ സമയത്ത് നടക്കും. പുതിയ വീടുമൊരുങ്ങും. ചാത്തമംഗലം ചെത്തുകടവ് സ്വദേശി ജീഷ്മയ്ക്കും തുണയായത് സന്മനസ്സുകളുടെ സഹായമാണ്. പ്‌ളാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട് മഴക്കെടുതിയില്‍ തകര്‍ന്നപ്പോള്‍ ജീഷ്മയും കുടുംബവും ചാത്തമംഗലം ദുരിതാശ്വാസ ക്യാമ്പിലേക്കു മാറുകയായിരുന്നു.

സെപ്തംബര്‍ 8-ന് നിശ്ചയിച്ച വിവാഹത്തിനായി ഒരുക്കിയ പണവും വീടും പ്രളയത്തില്‍ നഷ്ടപ്പെട്ട വിഷമത്തിലായിരുന്നു ജീഷ്മയുടെ കുടുംബം.  ഇവരുടെ വിവരം മാധ്യമങ്ങളില്‍ നിന്നറിഞ്ഞ വ്യവസായി പി ഷാന്‍ വീടൊരുക്കി കൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. ജീഷ്മയുടെ വിവാഹത്തിനായി പത്ത് പവനും വസ്ത്രങ്ങളും ഷാന്‍ വാങ്ങി നല്കി. ജില്ലാ കളക്ടര്‍ കെ സാംബശിവ റാവുവിന്റെ സാന്നിദ്ധ്യത്തില്‍ ഇവ ജീഷ്മയുടെ അമ്മ കോമളവല്ലിക്ക് കൈമാറി. ജീഷ്മയും അച്ഛന്‍ രാജശേഖരനും സഹോദരനും കളക്ടറുടെ ചേമ്പറില്‍ സന്നിഹിതരായിരുന്നു.  750 സ്‌ക്വയര്‍ഫീറ്റ് വീട് ആറു മാസത്തിനുള്ളില്‍ ഇവര്‍ക്ക് നിര്‍മിച്ച് കൈമാറുമെന്ന് ഷാന്‍  അറിയിച്ചു.