Asianet News MalayalamAsianet News Malayalam

മുതിരപ്പുഴയാർ കരകവിഞ്ഞു; ദുരിതം തീരാതെ മൂന്നാര്‍

മുതിരപ്പുഴയുടെ സമീപത്ത് പ്രവർത്തിക്കുന്ന കടകളിലും വീടുകളിലും വെള്ളം കയറി. പഴയ മൂന്നാർ വർക്ക് ഷോപ്പ് ക്ലബിന് സമീപത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന 8 ഓളം ലയസുകളിൽ വെള്ളം കയറിയിട്ടുണ്ട്

flood in munnar
Author
Munnar, First Published Aug 14, 2018, 3:35 PM IST

ഇടുക്കി: മൂന്നാറിലെ മുതിരപ്പുഴയാർ കരകവിഞ്ഞതോടെ പ്രദേശത്തെ വീടുകളും കടകളും വെള്ളത്തിലായി. ദേശീയപാതകളിൽ മണ്ണിടിച്ചൽ ശക്തമായതോടെ ഗതാഗതം നിലച്ചു. മാട്ടുപ്പെട്ടി ജലാശയത്തിലെ നീരൊഴുക്ക് ശക്തമായതോടെ ഷട്ടറുകൾ തുറന്നതാണ് മൂന്നാറിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. മുതിരപ്പുഴയിലേക്ക് സംഗമിക്കുന്ന നല്ല തണ്ണിയാർ കന്നിമലയാർ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാത കടന്നു പോകുന്ന പഴയ മൂന്നാർ വെള്ളത്തിലായി. 

flood in munnar

മൂന്നാർ ടൗണിന്റെ സ്ഥിതിയും മറ്റൊന്നല്ല. മുതിരപ്പുഴയുടെ സമീപത്ത് പ്രവർത്തിക്കുന്ന കടകളിലും വീടുകളിലും വെള്ളം കയറി. പഴയ മൂന്നാർ വർക്ക് ഷോപ്പ് ക്ലബിന് സമീപത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന 8 ഓളം ലയസുകളിൽ വെള്ളം കയറി. ഇവിടുത്തെ തൊഴിലാളികൾ ബന്ധുക്കളുടെ വീടുകളിൽ അഭയംതേടി. വിനോദ സഞ്ചാരികൾ താമസിക്കുന്ന നിരവധി റിസോർട്ടുകളിലും വെള്ളം കയറി. ഇവിടെ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

flood in munnar

പഴയ മൂന്നാറിലെ സർക്കാർ എൽ പി സ്കൂളും, ബി ആർ സി കെട്ടിടവും വെള്ളത്തിലാണ്. മൂന്നാർ ആർട്സ് കോളേജിന്റ കവാടത്തിന് മുന്നിലും ദേശീയപാതയിലും മണ്ണിടിഞ്ഞു വീണു. ദേവികുളത്തേക്കുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള  എന്നിവിടങ്ങൾ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളികൾ താമസിക്കുന്ന നിരവധി എസ്റ്റേറ്റുകളും ഒറ്റപ്പെട്ട നിലയിലാണ്. റവന്യു, സൈന്യം, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മൂന്നാറിലെ മിക്ക കച്ചടവസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പുഴയുടെ സമീപത്ത് നിൽക്കുന്നതിനും സെൽഫിയെടുക്കുന്നതടക്കുള്ളവ നിരോധിക്കുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.

Follow Us:
Download App:
  • android
  • ios