ഇടുക്കി: എലയ്ക്കയും കുരുമുളകും ജാതിക്കയും വിളയുന്ന ഇടുക്കിയില്‍ ഡിസംബര്‍ ജനുവരി മാസങ്ങള്‍ പ്രതീക്ഷയുടെ ദിവസങ്ങളാണ്. അതുകൊണ്ടുതന്നെ ക്രിസ്മസ്-പുതുവര്‍ഷ ദിവസങ്ങളില്‍ റിസോര്‍ട്ടുകള്‍ ഹോംസ്‌റ്റേകള്‍ എന്നിവ അലങ്കരിക്കുന്നതോടൊപ്പം സന്ദര്‍ശകര്‍ക്ക് വിവിധ കലാവിരുന്നും സംഘടകര്‍ ഒരുക്കും. അതിശൈത്യത്തിന്‍റെ കടന്നുവരവും മൂന്നാറിന്‍റെ ഭംഗികൂട്ടുന്നതോടെ വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകിയെത്താറുണ്ട്. ഇക്കുറിയും പതിവ് തുടരുമെന്നാണ് വ്യക്തമാകുന്നത്.

പ്രളയത്തില്‍ തകര്‍ന്ന ഇടുക്കിയുടെ പ്രതീക്ഷകള്‍ ഫലിക്കുമെന്ന് വ്യാപാരികളും പറയുന്നു. കന്നിയാറും പാലാറും നല്ലതണ്ണിയാറും ചേരുന്ന മൂന്നാറാണ് ഇടുക്കിയുടെ മിടുക്കി. അസൗകര്യങ്ങളുടെ കുറുകളുണ്ടെങ്കിലും മീശപ്പുലിമലയും ചൊക്കര്‍മമുടിയും രാജമലയും ചിന്നാറും മൂന്നാറിന്‍റെ മാത്രം സ്വത്താണ്. അതിശൈത്യം മൈനസ് ഡിഗ്രിയില്‍ ആദ്യമെത്തുന്നതും ഇവിടെതന്നെയാണ്.

ജനുവരി പ്രതീക്ഷകളുടെ മാസമാണ്. മൂന്നാര്‍ കാര്‍ണിവലും, മൂന്നാര്‍ മാരത്തണുമെല്ലാം വിവിധ വകുപ്പുകളുടെ സഹായത്തോടെ സംഘനകളും ജില്ലാ ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്നു. ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് ജില്ലയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വാഗമണില്‍ ക്രിസ്മസ് ദിനത്തില്‍ 16000 പേരാണ് എത്തിയത്. മൂന്നാറിലും മറിച്ചല്ല.

രാജമലയില്‍ അഞ്ചുദിവസത്തില്‍ എത്തിയ സന്ദര്‍ശകരുടെ തിരക്ക് പതിനായിരം കവിഞ്ഞു. ജനുവരി 5 വരെ മൂന്നാറിലും പരിസരങ്ങളിലും മുറികള്‍ ഒഴിവില്ല. നാശത്തിന്‍റെ വക്കില്‍ കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങളും ഉണര്‍ന്നു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചതും ഗ്യാപ് റോഡ് തുറന്നതും വിനോദസഞ്ചാരമേഘലയ്ക്ക് ആശ്വാസമായി.