ആദ്യം ബന്ദിപ്പൂകൃഷിയും തുടര്‍ന്ന്  മറ്റ് കൃഷികളുമാണ് ലക്ഷ്യം. മത്സ്യബന്ധനത്തിനും മറ്റും തടസ്സമാകുന്ന പോളപ്പായല്‍ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോടെ ഈ ശല്യത്തിനും പരിഹാരമാകും. 

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഇനി ഒഴുകുന്ന പൂകൃഷി ദൃശ്യവിരുന്നൊരുക്കും. കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന പൂ കൃഷി തണ്ണീര്‍മുക്കത്താണ് ഒരുങ്ങുന്നത്. ചൊരിമണലില്‍ സൂര്യകാന്തി കൃഷിയിലൂടെ വിപ്ലവം തീര്‍ത്ത യുവകര്‍ഷകന്‍ സുജിത് സ്വാമി നികര്‍ത്തിലിന്റേതാണ് പുതുപരീക്ഷണം. കായലിലെ ഒരു സെന്റില്‍ ബന്ദിപ്പൂകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് കണ്ണങ്കരയില്‍ നിര്‍വഹിച്ചു. പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി. താഴെ മുളക്കമ്പുകള്‍ പാകി പോളകള്‍ കായല്‍പരപ്പില്‍ കൃത്യമായ ഇടത്ത് അടുക്കും. 10 മീറ്റര്‍ നീളവും ആറുമീറ്റര്‍ വീതിയുമുള്ള രണ്ടു പോളത്തടങ്ങള്‍ വേമ്പനാട്ടുകായലിലെ തണ്ണീര്‍മുക്കം കണ്ണങ്കരയില്‍ ഒരുക്കിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്.

കൃഷിയ്ക്കായി സുജിത്ത് തയ്യാറാക്കിയ പോള ബെഡ്

ആദ്യം ബന്ദിപ്പൂകൃഷിയും തുടര്‍ന്ന് മറ്റ് കൃഷികളുമാണ് ലക്ഷ്യം. മത്സ്യബന്ധനത്തിനും മറ്റും തടസ്സമാകുന്ന പോളപ്പായല്‍ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നതോടെ ഈ ശല്യത്തിനും പരിഹാരമാകും. ഒന്നരമാസത്തെ അധ്വാനത്തിനൊടുവിലാണ് സുജിത് കൃഷിക്ക് പറ്റിയ പോളത്തടം ഒരുക്കിയത്. ഇതിന് അഞ്ചു ടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തില്‍തന്നെ നാലുതവണ കൃഷിയിറക്കാം. നനക്കുകയും വേണ്ട. വളവും ഇടേണ്ട. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അധികൃതര്‍ ഇപ്പോള്‍ കായലിലെ പോള നീക്കുന്നത്. പൂകൃഷി വിജയിച്ചാല്‍ കായല്‍ ടൂറിസത്തിനും അത് വലിയ മുതല്‍ക്കൂട്ടാകും. കൂട്ടത്തില്‍ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും. തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona