Asianet News MalayalamAsianet News Malayalam

വേമ്പനാട്ടുകായലിലെ ഒഴുകുന്ന പൂന്തോട്ടത്തിൽ ബന്ദിപ്പൂക്കൾ വിരിഞ്ഞു

ബന്ദികൃഷി വിജയമായതോടെ ഇനി മറ്റുകൃഷികൾ തുടങ്ങും. വരും ദിവസങ്ങളിൽ പൂന്തോട്ടം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൊട്ടവഞ്ചിയും സജ്ജീകരിക്കും

flowers bloom in the flowing garden of Vembanad Lake
Author
Alappuzha, First Published Aug 3, 2021, 5:14 PM IST

ആലപ്പുഴ: വേമ്പനാട്ടുകായലിൽ ഒഴുകുന്ന പൂന്തോട്ടത്തിൽ ബന്ദിപ്പൂക്കൾ വിരിഞ്ഞു. വേമ്പനാട്ടുകായലിൽ തണ്ണീർമുക്കത്തെ പൂന്തോട്ടത്തിലാണ് പൂക്കൾ വിരിഞ്ഞത്. കേരളത്തിലെ തന്നെ ആദ്യ സംരംഭമാണിത്. ചൊരിമണലിൽ സൂര്യകാന്തി കൃഷിയിലൂടെ വിപ്ലവം തീർത്ത യുവകർഷകൻ സുജിത് സ്വാമി നികർത്തിലിന്റേതാണ് പുതു പരീക്ഷണം. 

കായലിലെ ഒരു സെൻറിലാണ് ബന്ദിപ്പൂ കൃഷിചെയ്തത്. പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി. താഴെ മുളക്കമ്പുകൾ പാകി പോളകൾ കായൽപ്പരപ്പിൽ കൃത്യമായി അടുക്കി. 10 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള രണ്ടു പോളത്തടങ്ങൾ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം കണ്ണങ്കരയിൽ ഒരുക്കിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. 

ബന്ദികൃഷി വിജയമായതോടെ ഇനി മറ്റുകൃഷികൾ തുടങ്ങും. വരും ദിവസങ്ങളിൽ പൂന്തോട്ടം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൊട്ടവഞ്ചിയും സജ്ജീകരിക്കും. മത്സ്യബന്ധനത്തിനും മറ്റും തടസ്സമാകുന്ന പോളപായൽ ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നതോടെ പോളശല്യത്തിനും പരിഹാരമാകും. 

ലക്ഷങ്ങൾ ചെലവഴിച്ചാണ് അധികൃതർ ഇപ്പോൾ കായലിലെ പോള നീക്കുന്നത്. ഒന്നരമാസത്തെ അധ്വാനത്തിനൊടുവിലാണ് സുജിത് കൃഷിക്കുപറ്റിയ പോളത്തടം ഒരുക്കിയത്. ഇതിനായി അഞ്ച് ടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തിൽ തന്നെ നാലുതവണ കൃഷിയിറക്കാം. നനക്കുകയും വേണ്ട. വളവും ഇടേണ്ട. പൂകൃഷി കായൽ ടൂറിസത്തിന് മുതൽ കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും. പദ്ധതിക്ക് കൃഷിവകുപ്പിന്റെഎല്ലാ പിന്തുണയും കൃഷി മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios