ഇടുക്കി: പ്രതിഷേധങ്ങൾക്കൊടുവിൽ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ  ഐപി ബ്ലോക്കിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രിയുടെ വികസനം കാര്യക്ഷമമാക്കുമെന്നും താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്നതിന് നടപടികൾ നടന്ന് വരികയാണെന്നും എംഎം മണി പറഞ്ഞു. 

സമീപത്തെ  അഞ്ചോളം പഞ്ചായത്തിലെ ആദിവാസികൾക്കും ആയിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികൾക്കും ആശ്രയമായ രാജാക്കാട്  സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ അഭാവവും അതെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയും  മൂലം കിടത്തി ചികിത്സ വർഷങ്ങളായി മുടങ്ങിയിരുന്നു. ഇതോടൊപ്പം വിവിധ   ലാബുകളുടെയും പ്രവർത്തനം നിലച്ചതോടെ പ്രതിക്ഷേധവുമായി പ്രദേശവാസികൾ എത്തിയ സാഹചര്യത്തിലാണ്  താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ  നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിച്ചത്. 

ഐപി വാർഡിന്റേയും സംസ്ഥാന സർക്കാർ അനവധിച്ച നൂറ്റി എട്ട് ആംബുലൻസിന്റേയും ഉദ്ഘാടനം മന്ത്രി എം എം മണി  നിർവ്വഹിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തുന്ന മുറക്ക് രാജാക്കാട് സാമൂഹ്യ ആരോഗ്യം കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി  പന്നച്ചിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പേ വാർഡിന്റേയും,  പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി എക്സറേ യൂണിറ്റിന്റേയും ഉദ്ഘാടനം നിർവഹിച്ചു . ജനപ്രതിനിധികൾ. വിവിധ രാഷ്ട്രീയ സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ  പങ്കെടുത്തു.