മുക്കം നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഇഡലിയും സാമ്പാറും കഴിച്ച 22 പേര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രാവിലെ വിതരണം ചെയ്തതിന് ശേഷം ബാക്കി വന്ന ഭക്ഷണം രാത്രി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

കോഴിക്കോട്: ക്ഷേത്രത്തില്‍ (Temple) നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം (food poison) അനുഭവപ്പെട്ടു. മണ്ഡല കാല വ്രതാരംഭത്തോനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രം, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഇഡലിയും സാമ്പാറും കഴിച്ച 22 പേര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രാവിലെ വിതരണം ചെയ്തതിന് ശേഷം ബാക്കി വന്ന ഭക്ഷണം രാത്രി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായ ഏഴുപേരെ മുക്കം സിഎച്ച്എസിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും വയറിളക്കവും കൂടുതലനുഭവപ്പെട്ട നീലേശ്വരം നിധിനെയാണ്(24) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നളിനി(42), മകന്‍ ഹരികൃഷ്ണന്‍(16), അല്‍ഷിം(20), ശ്രീദേവി(48), ഷഹ്ന(27), മനുപ്രസാദ്(40), ശ്വേത(14) എന്നിവരെ മുക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരി ദിയ സുധീഷിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറ്ററിങ് സര്‍വീസുകാര്‍ തയ്യാറാക്കിയ ഭക്ഷണമാണ് ക്ഷേത്രത്തിലെത്തിച്ച് വിതരണം ചെയ്തത്. രാവിലെ ബാക്കിയായ ഭക്ഷണം രാത്രിയിലും നല്‍കുകയായിരുന്നു.

ഏറെക്കാലം ഉപയോഗിക്കാതിരുന്ന പാത്രങ്ങള്‍ അണുമുക്തമാക്കാതെ ഉപയോഗിച്ചതുമൂലം ഉപയോഗിച്ചതും പഴകിയ ഭക്ഷണം കഴിച്ചതുമാണ് പ്രശ്‌നത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മുക്കം നഗരസഭ ചെയര്‍മാന്‍ പിടി ബാബു, ആരോഗ്യവകുപ്പ് ജീവനക്കാരായ ശ്രീജിത്ത് റോഷന്‍, അജീഷ് എന്നിവര്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.