Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. രജിസ്ട്രേഷൻ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. 

food poisoning from shawarma in idukki  hotel was working without license
Author
First Published Jan 8, 2023, 4:04 PM IST

ഇടുക്കി: ഇടുക്കിയില്‍ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നാലെ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന. നെടുംകണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് പരിശോധന നടത്തിയത്. ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. രജിസ്ട്രേഷൻ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. 

ഷവർമ വില്പന നടത്താൻ ലൈസൻസ് നിർബന്ധമാണ്. നെടുംകണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിലെ ജീവനക്കാരിൽ ആറ് പേറുടെ ഹെൽത്ത്‌ കാർഡ് കാലാവധി അവസാനിച്ചതാണെന്നും ക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. പോരായ്മകൾ പരിഹരിച്ച ശേഷം ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തും. അതിന് ശേഷമേ ഹോട്ടൽ തുറക്കാവൂ എന്ന് നിർദേശം നൽകി. ഹോട്ടൽ ആരോഗ്യ വിഭാഗം ഇന്നലെ തന്നെ അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. 

ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴ് വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.

Also Read: ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ : ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ

കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ചത്. കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios