കോഴിക്കോട്: കോഴിക്കോട് പയ്യോളി കോടിക്കൽ യുപി സ്കൂളിലെ എട്ട് വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

സ്കൂളിനുസമീപത്തെ കടയിൽ നിന്ന് മിഠായി കഴിച്ച വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അധ്യാപകർ പെരുമാൾപുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്കൂളിന് സമീപത്തെ കടകളിൽ പരിശോധന നടത്തി.