വിവിധ ഹോട്ടലുകളിൽ നിന്നും 50 കിലോയോളം പഴകിയ മീനും മറ്റ് ഭക്ഷണങ്ങളും പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട അടൂരിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൻകിട ഹോട്ടലുകളിൽ നിന്ന് ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ രാജധാനി ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. എന്നാൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ അധികാരം ചോദ്യം ചെയ്തു ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ രംഗത്ത് എത്തി. പരിശോധന തുടങ്ങിയപ്പോൾ തന്നെ ഹോട്ടൽ ഉടമകളിൽ ചിലർ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു. ജോലി തടസപ്പെടുത്താൻ ശ്രമിച്ചു.

പ്രതിഷേധം എല്ലാം അവഗണിച്ച് മുൻനിര ഹോട്ടലുകൾ ഉൾപ്പെടെ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പ്രധാന ഫുഡ്സ്പോട്ടായ അടൂർ ബൈപ്പാസ് മുതൽ പറക്കോട് വരെ പരിശോധിച്ചു. 15 ഹോട്ടലുകൾ പരിശോധിച്ചതിൽ നിന്ന് 10 ഇടതും നിയമലംഘനങ്ങൾ കണ്ടെത്തി. വൻതോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പഴകിയ മുട്ടയും ഇറച്ചിയും ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന പഴകിയ വസ്തുക്കൾ വരെ ഈ കൂട്ടത്തിലുണ്ട്.

നിയമലംഘനങ്ങൾ കണ്ടെത്തിയ കടകൾ

രാജധാനി ഹോട്ടൽ, അമ്മച്ചിക്കട, സ്ട്രീറ്റ് ഫുഡ് ആൻഡ് ഡിങ്കന്‍റെ തട്ടുകട, ബിഗ് മൗത്ത്, സെൻട്രൽ പാർക്ക്, അൽ റാസി, ഓലപ്പന്തൽ, എസ് എൻ ഹോട്ടൽ, കുമരേശൻ ടീ ഷോപ്പ് , പാർക്ക് റസിഡൻസി എന്നിവയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയ കടകൾ. സൺറൈസ് റെസ്റ്റോറന്‍റ് ഉൾപ്പെടെ ഹോട്ടലുകൾ പരിശോധിച്ച എങ്കിലും നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. നഗരസഭയുടെ പരിശോധനയ്ക്കെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഫുഡ് സ്പോട്ടായി മാറിയ അടൂർ ബൈപ്പാസിൽ വരുംദിവസങ്ങളിലും പരിശോധന ഊർജിതമാക്കാനാണ് നഗരസഭാ തീരുമാനം. ജോലി തടസപ്പെടുത്തുന്ന ഹോട്ടലുടമകൾക്കെതിരെ പൊലീസിൽ പരാതി നൽകും.