കൊല്ലം: കൊല്ലത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ വീണ്ടും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന. പരിശോധനയില്‍ പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു.

കൊല്ലം, കാവനാട്, രാമൻകുളങ്ങര എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളിലായിരുന്നു പരിശോധന. പഴകിയ ചൂരയടക്കമുള്ള മീനുകള്‍ പിടിച്ചെടുത്തു. രാസവസ്തുക്കൾ കലര്‍ന്നിട്ടുണ്ടോയെന്നറിയാൻ കിറ്റുപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്.

ട്രോളിങ് നിരോധനം നിലവില്‍ വന്ന ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.