കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ നിന്നും മായം കലർത്തിയ വെളിച്ചെണ്ണ പിടികൂടി. നിരോധിച്ച രണ്ട് ബ്രാൻഡുകളുടേത് അടക്കം 1000 ലിറ്റർ വെളിച്ചെണ്ണയാണ് ഭക്ഷ്യ സുരക്ഷവകുപ്പിന്‍റെ പരിശോധനയിൽ പിടിച്ചെടുത്തത്.

ഓണവിപണി ലക്ഷ്യമാക്കി കടകളിലേക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. ഇതിൽ നിരോധിച്ച രണ്ട് ബ്രാൻഡുകളും മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിക്കാൻ കമ്മീഷണ‍ർ ശുപാ‍ർശ ചെയ്ത മൂന്ന് ബ്രാൻഡുകളുമുണ്ട്. 250 ഗ്രാം മുതല്‍ വ്യത്യസ്ത അളവുകളില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു മായം കലര്‍ത്തിയ വെളിച്ചെണ്ണ.

വേങ്ങേരിയിലെ വീട്ടിൽ മായം കലർന്ന വെളിച്ചെണ്ണ സൂക്ഷിച്ചിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രഹസ്യാന്വേഷണ സംഘം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണത്തോടനുബന്ധിച്ച് ജില്ലയിലാകെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുകയാണ്.