പരിശോധന നടത്തിയത് ഷോപ്പിങ് മാളിലെ ഹോട്ടലില്‍ ഉള്‍പ്പെടെ, കണ്ടെത്തിയത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ചെമ്മീനും കൂന്തളും കോഴി പാര്‍ട്‌സും, എല്ലാം പഴകിയത്
കോഴിക്കോട്: രാമനാട്ടുകരയിലെ ഷോപ്പിങ് മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടികൂടി. രാമനാട്ടുകര നഗരസഭാ ആരോഗ്യ വിഭാഗവും കുടുംബാരോഗ്യ വിഭാഗവും സംയുക്തമായാണ് കഴിഞ്ഞ ദിവസം പരിശോധ നടത്തിയത്. രാവിലെ ഏഴ് മണി മതുല്‍ തന്നെ പരിശോധന ആരംഭിച്ചിരുന്നു.
സുരഭി മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റി എം റസ്‌റ്റോറന്റില്‍ നിന്നും പഴകിയതും ഫ്രിഡ്ജില്‍ സൂക്ഷിച്ചതുമായ ചെമ്മീന്‍, കൂന്തള്‍, കോഴി പാര്‍ട്‌സ് എന്നിവ കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമല്ലാത്തതും ശുചിത്വനിലവാരമില്ലാത്തതുമായ ഇവ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന പാരഡൈസ് ഹോട്ടലില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
50 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗ്, 350 തെര്‍മോകോള്‍ പ്ലേറ്റുകള്‍, 300 ഐസ്‌ക്രീം പ്ലേറ്റുകള്‍, പ്ലാസ്റ്റിക് സ്പൂണുകള്‍ എന്നിവയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന നിരോധിത ഫ്‌ളക്‌സും മറ്റ് വസ്തുക്കളും ഉപയോഗിച്ച് പരസ്യബോര്‍ഡുകള്‍ തയാറാക്കുന്ന സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. രാമനാട്ടുകര ദേശീയ പാതയില്‍ പുതുതായി ആരംഭിച്ച ഇന്ത്യന്‍ കോഫീ ഹൗസ്, ക്ലാസിക് ഹോട്ടല്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.
ഇവിടെ പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കും. നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ പി. ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരാജ്, സമന്യ രവീന്ദ്രന്‍, കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐമാരായ ടി.പി മുഹമ്മദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
