'എലി കടിച്ച, പുഴുവരിച്ച പഴങ്ങള്‍, കാലാവധി കഴിഞ്ഞ പാല്‍'; ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന തുടരുന്നു
ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ രാമവര്‍മ്മ ക്ലബ്ബിന് എതിര്‍വശമുള്ള മൂണ്‍ ബേക്കറിയില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി വസ്തുക്കൾ പിടിച്ചെടുത്തത്.

ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ രാമവര്‍മ്മ ക്ലബ്ബിന് എതിര്‍വശമുള്ള മൂണ്‍ ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ജൂസിനായി വച്ചിരുന്ന പുഴുവരിച്ച പഴങ്ങള്‍, കാലാവധി കഴിഞ്ഞ ഒന്‍പത് പാക്കറ്റ് പാല്‍, എലിയോ ക്ഷുദ്രജീവികളോ കടിച്ച ഫ്രൂട്‌സ്, ചോക്ലേറ്റ് പാക്കറ്റുകള്‍, ജാറില്‍ വച്ചിരുന്ന ഡ്രൈ ഫ്രൂട്‌സ് ചെറി, പുഴുവരിച്ച ബദാം, കശുവണ്ടി, ഉപയോഗ ശൂന്യമായ പാക്കറ്റ് പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സംഭവങ്ങളില്‍ പള്ളാത്തുരുത്തി വാര്‍ഡില്‍ ഫുഡ്ലാന്റ് റെസ്റ്റോറന്റ്, കളര്‍കോട് വാര്‍ഡില്‍ സജീസ് ബോട്ടിംഗ് കോര്‍ണര്‍, കള്ള് ഷാപ്പ്, പ്രകാശ് സ്റ്റോഴ്‌സ്, കൈതവന വാര്‍ഡില്‍ അശോക ബേക്കറി, പ്രിയ ബേക്കറി, എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സ്‌പോട്ട് ഫൈന്‍ ഈടാക്കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണമോഹന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഐ കുമാര്‍, ഷബീന അഷറഫ്, ടെന്‍ഷി സെബാസ്റ്റ്യന്‍, വിനീത പി ദാസന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച, ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ അശോക ബേക്കറി അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അശോക ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്. 12 കിലോഗ്രാം കേക്ക്, 20 കിലോഗ്രാം റസ്‌ക്, 35 കിലോഗ്രാം കപ്പ ചിപ്‌സ്, കുഴലപ്പം, കപ്പ, ചക്ക വറത്തത്, ഒരു ഡ്രേ മുട്ട പുഴുങ്ങിയത്, 35 കിലോഗ്രാം വെജ്- നോണ്‍ വെജ് മസാല, ബീഫ് വേവിച്ചത്, പഴകിയ മാവ്, നാന്‍കട്ട, നെയ്യ്, പഴകിയ മാവ്, ബ്രഡ് എന്നിവയും ഉപയോഗ യോഗ്യമല്ലാത്ത പാത്രങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ ടോയ്ലറ്റ്, ഡൈനിംഗ് ഹാള്‍, മാലിന്യ പരിപാലന സാഹചര്യത്തിന്റെ അപര്യാപ്തത, സ്ഥാപനത്തിന്റെ അകത്തും സമീപത്തുമായി എലി, പാറ്റ, പല്ലി, ചിലന്തി വല എന്നിവയും കണ്ടത്തോടെ സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം ഉത്തരവിടുകയായിരുന്നു.
രണ്ട് രാജ്യങ്ങളിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് സൗജന്യ നിയമനം; ശമ്പളം ലക്ഷങ്ങള്‍, സൗജന്യ വിസ, ടിക്കറ്റ്