Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയിലെ പതിനാറ് ഗ്രാമപഞ്ചായത്തുകളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ സ്‌കൂൾ, കോളേജ്, ആശുപത്രികൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ മെസ്സ്/കാന്റീൻ ജീവനക്കാർ, അങ്കണവാടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കച്ചവടക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്കായി ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

food security project launched in 16 grama panchayats of malappuram district
Author
Malappuram, First Published Dec 6, 2019, 7:44 PM IST

മലപ്പുറം: മലയാളിയുടെ മാറിയ ഭക്ഷണ സംസ്‌കാരങ്ങൾക്കിടയിലും നമ്മുടെ തനതായ ഭക്ഷണ രീതികൾ കാത്ത് സൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് കെ.എൻ.എ ഖാദർ എം.എൽ.എ. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പോരൂർ, പെരുവളളൂർ, കീഴാറ്റൂർ, കുഴിമണ്ണ, എടക്കര, കാലടി, ഇരുമ്പിളിയം, ആലങ്കോട്, പുളിക്കൽ, കൽപ്പകഞ്ചേരി, തെന്നല, കൂട്ടിലങ്ങാടി, ആനക്കയം, ഏ.ആർ. നഗർ, നിറമരുതൂർ, മേലാറ്റൂർ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.  

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ സ്‌കൂൾ, കോളേജ്, ആശുപത്രികൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ മെസ്സ്/കാന്റീൻ ജീവനക്കാർ, അങ്കണവാടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കച്ചവടക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്കായി ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.  ഭക്ഷണ നിർമ്മാണ- വിതരണ- വിൽപ്പന രംഗത്തുളള വ്യാപാരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, തെരുവോരകച്ചവടക്കാർ തുടങ്ങിയവർക്ക് ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ മേളകൾ നടത്തും. 

റസിഡന്റ്സ് അസോസിയേഷനുകൾക്കും, വിദ്യാർത്ഥികൾക്കും സുരക്ഷിതാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഡോക്യുമെന്ററികളുടെ പ്രദർശനവും പ്രത്യേക പരിശീലനവും നൽകും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുകൾ ഉപയോഗിച്ചുളള കുടിവെളള പരിശോധന, കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന തുടങ്ങിയവയും പദ്ധതിയുടെ  ഭാഗമായി നടപ്പിലാക്കും. കർഷകർക്ക് ജൈവകൃഷി, കുട്ടികൾക്കും, രക്ഷിതാക്കൾക്കും സുരക്ഷിതാഹാരം തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണവും സംഘടിപ്പിക്കും.
 

Follow Us:
Download App:
  • android
  • ios