ആ വല്ലാത്തൊരു വേഷപ്പകർച്ചയ്ക്ക് പിന്നിലെ കലാകാരനെ തേടുകയാണ് പൊലീസ്
മലപ്പുറം: ഒരു സിസിടിവി ക്യാമറിയിൽ പതിഞ്ഞ വേഷപ്പകർച്ചയുടെ ദൃശ്യങ്ങൾ കണ്ടാൽ ആരും ഒന്ന് നോക്കി നിൽക്കും. എന്നാൽ ഇതൊരു ഫാൻസി ഡ്രസ് മത്സരമല്ലെന്നതാണ് കൗതുകം. ആ വല്ലാത്തൊരു വേഷപ്പകർച്ചയ്ക്ക് പിന്നിലെ കലാകാരനെ തേടുകയാണ് പൊലീസ്. മോഷണശ്രമത്തിനിടെ ഉള്ള കള്ളന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പെലീസിന്റെ അന്വേഷണം.
നിലമ്പൂർ വടപുറം പാലപ്പറമ്പിലെ വീട്ടിൽ നടന്ന സംഭവത്തിന്റേതാണ് സിസിടിവി ദൃശ്യങ്ങൾ. കഴിഞ്ഞ 31ന് രാത്രി ഒരാൾ മാസ്കും തൊപ്പിയും ധരിച്ച് പൂട്ടിക്കിടക്കുന്ന വീടിന്റെ മതിൽ ചാടിക്കടക്കുന്നു. പറമ്പിലെ തൂമ്പയെടുത്ത് വീടിന്‍റെ പൂട്ട് പൊളിക്കാനാണ് ശ്രമം. ഓടാമ്പൽ തകർന്നുവീണെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. കുറെ നേരത്തെ ശ്രമത്തിനൊടുവിൽ വരാന്തയിലിരുന്ന് മദ്യപിച്ചു. പിന്നെ മുണ്ട് മാറി പാന്റും ടി ഷർട്ടും ധരിച്ച് വീണ്ടും ശ്രമം, അതും പാളി. അൽപസയത്തിന് ശേഷം മിഡിയും ടോപ്പും ധരിച്ച് സ്ത്രീവേഷം.
വീടിനകത്ത് കയറാൻ കഴിയില്ലെന്ന് മനസിലായതോടെ വീണ്ടും വസ്ത്രം മാറി. മോഷണം നടക്കില്ലെന്ന് ഉറപ്പായതോടെ മതില് ചാടി പുറത്തേക്ക്. ഇതിനിടെ പലതവണ ക്യാമറയിൽ നോക്കിയും അല്ലതെയും വിചിത്രമായ പെരുമാറ്റം. വീടുതുറക്കാൻ പിറ്റെന്ന് ഉടമസ്ഥരെത്തിയപ്പോഴാണ് മോഷണ ശ്രമം മനസ്സിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചോൾ കണ്ടത് അഞ്ചുമണിക്കൂർ നേരം നീണ്ട മോഷണ ശ്രമവും കളളന്‍റെ വേഷപ്പകർച്ചയും.
വെഞ്ചാലിയിൽ ജെയിംസി്നറെ മകൾ ജെയ്സിയുടെതാണ് വീട്. ഇവർ വിദേശത്തായതിനാൽ ഇടക്കിടെ വീട് തുറന്ന് വൃത്തിയാക്കുക സമീപത്ത് താമസിക്കുന്ന പിതാവ് ജെയിംസ് ആണ്. തുടർന്ന് സിസിടി ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചു. മോഷ്ടാവ് മാനസികാസ്വാസ്ഥ്യമുളള ആളെന്നാണ് പൊലീസ് സംശയം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

