കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വിദേശ മദ്യം പിടികൂടി. ഇന്ന് വൈകുന്നേരം അപകടത്തിൽപ്പെട്ട ലോറിയുടെ ലോഡിന് അടിയിൽ നിന്നുമാണ് ഒന്‍പത് കുപ്പി വിദേശമദ്യം പടികൂടിയത്. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെ തൊഴിലാളികളാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസ് ലോറിഡ്രൈവറേയും, മദ്യ കുപ്പികളും കസ്റ്റഡിയിലെടുത്തു. 

കർണാടയിൽ നിന്നും ടൈൽ ഫില്ലിംഗ് പൗഡർ കയറ്റി വരികയായിരുന്ന സ്വരാജ് മസ്ത ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി നിയന്ത്രണം വിട്ട്  ടിപ്പർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവർമാരിൽ ഒരാളായ എറണാകുളം ഉദയപുരം കുരിക്കാട് പുത്തൻവീട്ടിൽ വെങ്കടേഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൃത്ത് രക്ഷപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ അനൂപ്  എ.പി, സുരേഷ് വി.കെ, എഎസ്ഐ യൂസഫലി, സി.പി.ഒ മാരായ സുഘോഷ്, അനീസ് എന്നിവരാണ് മദ്യം കടത്തിയ ലോറി ഡ്രൈവറെ പിടികൂടിയത്.