Asianet News MalayalamAsianet News Malayalam

കാലാവസ്ഥാവ്യതിയാനം: വനാശ്രിത സമൂഹത്തിലെ കുട്ടികള്‍ക്ക് പഠനാവസരമൊരുക്കി വനംവകുപ്പ്

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വിദഗ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്

Forest Department provides learning opportunities for children in forest communities
Author
Idukki, First Published Sep 17, 2019, 7:39 PM IST

ഇടുക്കി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാര്‍ബണ്‍ ആഗിരണശേഷി കൂടിയ മരങ്ങള്‍ നട്ടുവളര്‍ത്തി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പഠനം നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ടെക്നോളജിയില്‍ പരിശീലനം നേടാന്‍ വനാശിത്ര സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി വനംവകുപ്പ്. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി പ്രകാരം, വനം -വന്യജീവി വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന'ഇന്ത്യ ഹൈറേഞ്ച് മൗണ്‍േയ്ന്‍ ലാന്റ് സ്‌കേപ്പ് പ്രോജക്ടി'ന്റെ ഭാഗമായാണ് പ്രവേശനവും പരിശീലനവും.

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വിദഗ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ ചെലവുകള്‍ക്കായി ഒന്‍പത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വുഡ് വര്‍ക്കിംഗ്  എന്ന വിഷയത്തില്‍ പരിശീലനം ലഭിച്ച അനില്‍ എസ്, സൗമ്യ പി, രാജേഷ് രാജന്‍, കാളിമുത്തു പി, മിഥുന്‍ കെ എന്നിവര്‍ക്ക് മന്ത്രിയുടെ ചേമ്പറില്‍ യാത്രയയപ്പും നല്‍കി.

കാലവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരെ ശാസ്ത്രീയ വൃക്ഷ പരിപാലനം സ്വായത്തമാക്കുന്നതിനും ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍ നേടുന്നതിനും ഈ പരിശീലനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം ആശംസിച്ച അദ്ദേഹം പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവ് പ്രായോഗിക തലത്തില്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ വനം വകുപ്പ് മേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ മേധാവിയുമായിരുന്ന സുരേന്ദ്ര കുമാര്‍ പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസറും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ പത്മാ മഹന്തി, സി സി എഫ് വിജയാനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios