പത്തനംതിട്ട: തണ്ണിത്തോട് പേഴുംപാറ പ്രദേശങ്ങളിലെ ജനവാസ മേഖലകളിലെ തോട്ടങ്ങളിൽ വിലസി നടക്കുന്ന കടുവയെ പിടികൂടാൻ പതിനെട്ടടവും പയറ്റി വനംവകുപ്പ്. ജനവാസ മേഖലയിൽ ആശങ്കയുണർത്തി കടുവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങളായെങ്കിലും പിടികൂടാനുള്ള പരിശ്രമം തുടരുകയാണ്. മയക്കുവെടി വിദഗ്ധര്‍ അടക്കമുള്ള സംഘം  ദിവസങ്ങളായി പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇത് വരെ ഫലം കണ്ടിട്ടില്ല. 

തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച കടുവയെ കണ്ടെത്താൻ കുങ്കി ആനയെ ഉപയോഗിച്ച്  തിരച്ചിൽ തുടങ്ങിയിരക്കുകയാണിപ്പോൾ വനംവകുപ്പ് അധികൃതര്‍. ആനയെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.  തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്. തോട്ടം മേഖലകളിലാണ് കടുവയുടെ സാന്നിധ്യമെന്നതും പിടികൂടാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

വയനാട്ടിൽ നിന്നെത്തിയ ദ്രുത കർമ്മ സംഘം കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം  അരിച്ചുപെറുക്കി.  അപ്പോഴും ജനവാസ മേഖലകളിൽ കടുവ സഞ്ചാരം തുടരുകയാണ് .പലയിടങ്ങളിലും കടവുയെ കണ്ടെന്ന് നാട്ടുകാർ വിളിച്ച് അറിയിക്കുന്നുണ്ടെങ്കിലും  ഇതിലേറെയും വ്യാജ സന്ദേശങ്ങളാണ്. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വടശ്ശേരിക്കര, പെരിനാട്, ചിറ്റാർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധിച്ചപ്പോൾ കണ്ടത് നായയുടെ കാൽപാടുകൾ ആയിരുന്നു.

പേഴുപാറ സ്വദേശികളായ ദമ്പതികളാണ് ഒടുവിൽ കടുവയെ കണ്ടെത്. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റേതുൾപ്പെടെ റബ്ബർതോട്ടങ്ങളിൽ അടിക്കാടുകൾ തെളിക്കാത്തതും കടുവയെ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മണിയാറിൽ  കൊന്ന പശുകിടാവിന്‍റെ ശരീരത്തിൽ നഖം ഉപയോഗിച്ച് ആക്രമിച്ച മുറിവുകളാണുണ്ടായിരുന്നത്.പല്ലുകൊണ്ടുള്ള മുറിവില്ലാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ കടുവക്കുണ്ടെന്ന നിഗമനവും ദൗത്യ സംഘത്തിനുണ്ട്.കണ്ടെത്തിയാൽ മയക്ക് വെടി വെച്ച് പിടികൂടാനുള്ള ഉദ്യമത്തിൽ തന്നെയാണ് തന്നെയാണ് വനംവകുപ്പ്

പത്തനംതിട്ട തണ്ണിത്തോട്  പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള എസ്റ്റേറ്റിൽ റബ്ബർ വെട്ടാനെത്തിയ യുവാവിനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കടുവ ആക്രമിച്ച് കൊന്നത്. റബ്ബർ വെട്ടാൻ കരാർ ഏറ്റെടുത്തിട്ടുള്ള വിനീഷ്  തണ്ണിത്തോട്  മേടപ്പാറ സി ഡിവിഷനിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കരച്ചിൽ കേട്ട് സമീപത്ത് നിന്ന് മറ്റ് തൊഴിലാളികൾ എത്തിയപ്പോൾ രക്തം വാർന്ന നിലയിൽ വിനീഷിനെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലാണ് മുറിവേറ്റത്. തുടർന്ന് നാട്ടുകാർ പ്ലാന്‍റേഷൻ കോർപ്പറേഷൻ അധികൃതരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. മുൻപ് ഇവിടെ പുലി ശല്യം ഉണ്ടായിരുന്നതിനാല്‍ പുലിയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഉച്ചതിരിഞ്ഞ് കടുവയെ ഇതിനടുത്ത് കണ്ടതോടെയാണ് കടുവയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്.