കല്‍പ്പറ്റ: പുല്‍പ്പള്ളി പാക്കം ഫോറസ്റ്റ് വയല്‍ കോളനിക്ക് സമീപം ആദിവാസികള്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ക്ക് വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. പാതിരി റിസര്‍വ് വനഭൂമിയിലാണ് വീടുകള്‍ പണിതിരിക്കുന്നതെന്ന് കാണിച്ച് തുടര്‍ന്നുള്ള നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നേതൃത്വം നല്‍കുന്ന മൂന്ന് വീടുകളുടെ നിര്‍മ്മാണ ജോലികള്‍ ഇതോടെ നിലച്ചു.

എന്നാല്‍ കോളനിയിലെ മറ്റു വീടുകളോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലം വനമല്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. വനഭൂമിയിലെ വീടുകളുടെ നിര്‍മാണം ചോദ്യംചെയ്ത് പുല്‍പള്ളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കത്തയച്ചിരുന്നു.

1980-ലെ വനം കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം റിസര്‍വ് വനത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു അനുമതിയും പട്ടികവര്‍ഗ വികസന വകുപ്പിന് ലഭിച്ചിട്ടില്ലെന്നത് കാണിച്ചാണ് വനംവകുപ്പിന്റെ നടപടി.

മാത്രമല്ല ഫോറസ്റ്റ് വയല്‍ കോളനിയിലുള്ളവര്‍ക്ക് വേണ്ടിയല്ല വീടുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും വനംവകുപ്പ് പറയുന്നു. മൂന്നര ലക്ഷം രൂപയാണ് ഓരോ വീടിനും പട്ടികവര്‍ഗ വകുപ്പ് അനുവദിച്ചത്. മൂന്ന് വീടുകളുടെയും നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടഞ്ഞത്. തേപ്പും ജനലുകളും വാതിലുകളും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളുമാണ് ബാക്കിയുണ്ടായിരുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച വീടുകള്‍ ആര്‍ക്കും ഉപകാരപ്പെടാതെ ഇപ്പോള്‍ നശിക്കുകയാണ്. അതേ സമയം സംഭവത്തില്‍ പട്ടികവര്‍ഗ വികസനവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

വളരെ മുമ്പുതന്നെ നിര്‍മാണം തുടങ്ങിയ വീടുകളായതിനാല്‍ സാങ്കേതിക വശങ്ങളെക്കുറിച്ച് പട്ടികവര്‍ഗ വകുപ്പില്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇത് സംബന്ധിച്ച് ഗുണഭോക്താക്കള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും.