വനത്തിനുള്ളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് സി.ഒ-3 എന്നയിനം പുല്‍ വെച്ചു പിടിപ്പിക്കുന്നത്. പുല്ല് വളര്‍ച്ചയെത്തുന്നതോടെ കാട്ടുപോത്തുകളും മാനുകളുമടക്കമുള്ളവക്ക് ഇത് തീറ്റയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
കല്‍പ്പറ്റ: ജനവാസ പ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങള്‍ എത്തുന്നത് തടയാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ പയറ്റുകയാണ് വയനാട്ടിലെ വനംവകുപ്പ്. പലവിധ വേലികളും കിടങ്ങുമെല്ലാം മറികടന്ന് ആനയും കടുവയുമൊക്കെ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുകയാണ്. വേനലില്‍ പോലും മൃഗങ്ങളെ കാട്ടിനുള്ളില്‍ നിര്‍ത്താനുതകുന്ന ഫലവത്തായ മാര്‍ഗ്ഗങ്ങളെ കുറിച്ച് അടുത്ത കാലത്താണ് അധികാരികള്‍ ചിന്തിച്ച് തുടങ്ങുന്നുത്.
ആനകള്‍ ജനവാസ പ്രദേശങ്ങളിലെത്തുന്നത് തടയാന്‍ കാടിനകം മാവും പ്ലാവും വെച്ച് പിടിപ്പിക്കുന്ന പ്രദ്ധതി കഴിഞ്ഞ വര്‍ഷങ്ങളില്‍ വനംവകുപ്പ് തുടങ്ങി വെച്ചിരുന്നു. ഇപ്പോളിതാ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടപ്പാടിയില്‍ തീറ്റപ്പുല്‍ വെച്ച് പിടിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍. ആന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയവയെ തടയുന്നതിനാണ് പ്രധാനമായും പുല്‍കൃഷി പരീക്ഷിക്കുന്നത്.
വനത്തിനുള്ളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് സി.ഒ-3 എന്നയിനം പുല്‍ വെച്ചു പിടിപ്പിക്കുന്നത്. പുല്ല് വളര്‍ച്ചയെത്തുന്നതോടെ കാട്ടുപോത്തുകളും മാനുകളുമടക്കമുള്ളവക്ക് ഇത് തീറ്റയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയിക്കുന്ന പക്ഷം കൂടുതല്‍ വനമേഖലകളില്‍ പുല്‍ നട്ട് വളര്‍ത്താനാണ് ആലോചന. കാട്ടുപോത്തുകള്‍ ജനവാസ പ്രദേശങ്ങളിലെത്തുന്നത് അപൂര്‍വ്വമാണെങ്കിലും വേനക്കാലമായാല്‍ മാന്‍ കൂട്ടങ്ങളും ആനകളും സ്ഥിരമായി കൃഷിയിടങ്ങളിലെത്താറുണ്ട്.
രാത്രി നേരങ്ങളില്‍ വൈദ്യുതി വേലിയും കിടങ്ങും തകര്‍ത്തായിരിക്കും ഇവ പലപ്പോഴും എത്തുക. മൃഗങ്ങളെ തടയാന്‍ റെയില്‍പാള വേലികളും ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും വേലിയും കിടങ്ങും സ്ഥിരം പരിഹാരമാകുന്നില്ലെന്ന് കണ്ടാണ് തീറ്റ കാട്ടില്‍ തന്നെയൊരുക്കുകയെന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വകരിക്കുന്നതെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നു.
മുത്തങ്ങ, തിരുനെല്ലി തുടങ്ങി വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് പുതിയ രീതികള്‍ പരീക്ഷിക്കുന്നത്. മുത്തങ്ങ കാട്ടില്‍ കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് ഫലവൃക്ഷ തൈകളാണ് വെച്ചുപിടിപ്പിച്ചത്. സെന്ന പോലെയുള്ള പാഴ്മരങ്ങള്‍ കാട്ടിനുള്ളില്‍ നിന്ന് പിഴുത് കളയുന്ന പ്രവൃത്തിയോടൊപ്പം പ്ലാവും മാവും വെച്ച് പിടിപ്പിക്കുന്നത് തുടരുന്നുമുണ്ട്.
തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ ഫോറസ്റ്ററായ കെ. ശ്രീജിത്ത് വാച്ചര്‍മാരായ പി.വിജയന്‍, കെ.എം. മേഘ, കെ.എ. റീന തുടങ്ങിയവരാണ് തിരുനെല്ലിക്കാട്ടില്‍ തീറ്റപ്പുല്‍ നട്ടുപിടിപ്പിച്ചത്. എന്നാല്‍ കാട്ടുപന്നികള്‍ കൃഷിയിടത്തിലെത്തുന്നത് തടയാന്‍ ഇതുപോലെയുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നുണ്ട്.
