പക്ഷേ, കൺമുന്നിൽ കടുവയെ കിട്ടുന്നില്ല. ദൗത്യ സംഘത്തിന്‍റെ തോക്കിൽ കുഴലിനു മുന്നിൽ നിന്നും ഒളിച്ചു കളിക്കുകയാണ് വയനാട് വന്യജീവി സങ്കേതത്തിലെ നാൽപത്തിയഞ്ചാമൻ
വയനാട്: കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടിക്കാൻ പുതു തന്ത്രങ്ങൾ പയറ്റി ദൗത്യ സംഘം. കൂട്ടിലെ കെണി മാറ്റിയും നാലാം കൂടുവച്ചുമാണ് കാത്തിരിപ്പ്. കടുവയുടെ സഞ്ചാര വഴിയിൽ ഏറുമാടം കെട്ടിയും ഒരുങ്ങി നിൽക്കുകയാണ് ഉന്നം പിഴയ്ക്കാത്ത ഡാർട്ടിങ് ടീം. കൂടല്ലൂർ വിട്ടുപോകാതെ വനം വകുപ്പിനെ വട്ടം കറക്കുകയാണ് ആളെക്കൊല്ലി കടുവ. ക്യാമറ വച്ചു, ഡ്രോൺ പറത്തി, ആളിറങ്ങിത്തെരഞ്ഞു. ആനപ്പുറത്തേറി നാടും കാടതിർത്തിയും ഇളക്കി മറിച്ചു.
പക്ഷേ, കൺമുന്നിൽ കടുവയെ കിട്ടുന്നില്ല. ദൗത്യ സംഘത്തിന്‍റെ തോക്കിൽ കുഴലിനു മുന്നിൽ നിന്നും ഒളിച്ചു കളിക്കുകയാണ് വയനാട് വന്യജീവി സങ്കേതത്തിലെ നാൽപത്തിയഞ്ചാമൻ. പ്രായം പതിമൂന്നു കഴിഞ്ഞ വയസൻ കടുവയാണ്. ഇന്നല്ലങ്കിൽ നാളെ കെണിയിലാകുമെന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. കെണിവച്ചൊരുക്കിയ നാലു കൂടുണ്ട് കൂടല്ലൂരിൽ. ഏറുമാടങ്ങളിൽ കണ്ണും നട്ടിരിക്കുന്നുണ്ട് വനംവകുപ്പ്. മരുന്ന് നിറച്ച തോക്കുമെന്തി കാടും നാടും കറങ്ങുന്നുണ്ട് വെറ്റിനറി ടീം.
കടുവ കൂട്ടിലായില്ലെങ്കിൽ, ആനപ്പുറത്തേറി ഒരു സാഹസമുണ്ടാകും. കടുവ പിടുത്തതിലെ ഡോ.സക്കറിയയുടെ ഭാഗ്യം നിറഞ്ഞ ഷോട്ട്, WWL 45 ദേഹത്ത് പതിക്കും. അതോടെ കാടു വിട്ട്, കൂട്ടിലാകും കടുവയുടെ ശിഷ്ടകാലം. ആ കാത്തിരിപ്പ് നീളുന്നതിൽ കൂടല്ലൂരിന് പരിഭവവും ആശങ്കയുമുണ്ട്. ദുഷ്കര ദൗത്യമെന്ന് പറഞ്ഞു മനസിലാക്കുകയാണ് വനംവകുപ്പ്. കാൽപ്പാട് നോക്കി, കടുവയ്ക്ക് പിറകെ പോകുമ്പോൾ നിന്ന നിൽപ്പിൽ കാണാമറയ്ത്തേക്ക് മായുന്നുണ്ട് ഈ കടുവ. ഭൂപ്രകൃതി മാത്രമല്ല, കടുവയുടെ പ്രകൃതവും ദൗത്യ സംഘത്തിനു വെല്ലുവിളിയാണ്.
ഇടതൂർന്ന കാപ്പിചെടികളെ വകഞ്ഞു മാറ്റി വേണം തെരച്ചിൽ നടത്താൻ. ഒരാൾ പൊക്കത്തിൽ കുറ്റിക്കാടുകൾ ഉള്ള കൊല്ലികളിൽ ജാഗ്രതയോടെ ആവർത്തിച്ചാവർത്തിച്ച് കാൽനടയായും കുംകികൾക്കൊപ്പവും റോന്തുചുറ്റുന്നുണ്ട് വനം വകുപ്പ്. നോർത്തേൺ സിസിഎഫ് കെ എസ് ദീപയും സൗത്ത് വയനാട് ഡിഎഫ്ഒ സജ്ന കരീമും കൂടുല്ലൂരിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. ദൗത്യം നീളുന്നതിലല്ല, പിഴവില്ലാതെ പൂർത്തിയാക്കാനാണ് വനം വകുപ്പ് സജ്ജമായിരിക്കുന്നത്.
