കാട് തെളിച്ചതോടെ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയതാകാം എന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. എന്നാൽ വടശ്ശേരിക്കരയിൽ രണ്ടാമത്തെ ആടിനെ കടുവ പിടിച്ച ദിവസം പെരുനാട്ടിലും നാട്ടുകാർ കടുവയെ കണ്ടു. ഇതോടെയാണ് രണ്ട് കടുവയുണ്ടോയെന്ന സംശയം ഉണ്ടായത്.
പെരുനാട്: പത്തനംതിട്ട വടശ്ശേരിക്കരയിലും പെരുനാട്ടിലും ജനവാസമേഖലയിലിറങ്ങിയത് ഒരു കടുവ തന്നയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ കുഴങ്ങി വനം വകുപ്പ്. കടുവയെ പിടികൂടാൻ വിവിധ ഇടങ്ങളിൽ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. തുടർച്ചയായി കടുവയെ കാണുന്നതോടെ ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരുള്ളത്
പെരുനാട്ടിലെ കോളാമല, കോട്ടക്കുഴി, മന്നപ്പുഴ പ്രദേശങ്ങളിലാണ് ആദ്യം കടുവയെ കണ്ടത്. ഏപ്രിൽ ആദ്യ ആഴ്ച കോളമലയിൽ പശുക്കളെയും ആടിനെയും കടുവ ആക്രമിച്ച് കൊന്നു. നാല് ദിവസം മുന്പാണ് വടശേരിക്കരയിൽ കടുവ ഇറങ്ങിയത്. ചെന്പരത്തിമൂട്, കുന്പളത്താമൺ മേഖലയിലെ കർഷകരുടെ ആടിനെ കടുവ പിടിച്ചു. ഒന്നിലധികം തവണ നാട്ടുകാരും ടാപ്പിങ്ങ് തൊഴിലാളികളും കടുവയെ കണ്ടു.
പെരുനാട്ടിൽ കടുവയെ കണ്ട സ്ഥലങ്ങളിലെ തോട്ടങ്ങളിലെ കാട് വെട്ടിത്തെളിച്ചതിന് പിന്നാലായാണ് ഇവിടെ നിന്ന് ആകാശദൂരം മൂന്ന് കിലോമീറ്റർ അകലെയുള്ള വടശ്ശേരിക്കരയിൽ കടുവയെ കണ്ടത്. കാട് തെളിച്ചതോടെ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയതാകാം എന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. എന്നാൽ വടശ്ശേരിക്കരയിൽ രണ്ടാമത്തെ ആടിനെ കടുവ പിടിച്ച ദിവസം പെരുനാട്ടിലും നാട്ടുകാർ കടുവയെ കണ്ടു. ഇതോടെയാണ് രണ്ട് കടുവയുണ്ടോയെന്ന സംശയം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മഴ പെയ്തതിനാൽ കാൽപ്പാടുകളും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ കഴിയാത്തതോടെ ഭീതിയിലാണ് നാട്ടുകാർ. സ്ഥിതി രൂക്ഷമായതോടെ കടുവയെ വെടിവയ്ക്കാൻ ഉത്തരവിടണമെന്ന ആവശ്യവുമായി റാന്നി എംഎൽഎ പ്രമോദ് നാരായൺ വനം മന്ത്രിയെ സമീപിച്ചു. നാട്ടുകാർ കടുവയെ കണ്ടെന്ന് പറഞ്ഞ സ്ഥലങ്ങളിലെല്ലാം രാത്രിയും പകലും വനം വകുപ്പിന്റെ പെട്രോളിങ്ങ് തുടരുകയാണ്

