വയനാട്ടിലെ നീർവാരത്ത് വീട്ടുമുറ്റത്ത് ഉണക്കാനിട്ട 15 ക്വിന്റലോളം നെല്ല് കാട്ടാനക്കൂട്ടം തിന്നുനശിപ്പിച്ചു. കർഷകനായ റെജിക്ക് 50,000 രൂപയുടെ നഷ്ടമുണ്ടായി, മറ്റ് വിളകളും നശിപ്പിച്ചു. പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
കല്‍പ്പറ്റ: വയനാട്ടിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട നെല്ല് ആനകൾ ഭക്ഷിക്കുന്നതായി കർഷകരുടെ പരാതി. പനമരത്തിനടുത്ത വനാതിര്‍ത്തിഗ്രാമമായ നീര്‍വാരം കല്ലുവയലില്‍ വരമ്പിനകത്ത് റെജിയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട നെല്ലാണ് കാട്ടാനകള്‍ തിന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഇറങ്ങിയ മൂന്ന് കാട്ടാനകള്‍ 15 ക്വിന്റലോളം നെല്ല് അകത്താക്കിയെന്ന് റെജി പറയുന്നു. ഈ വിവരമറിഞ്ഞ് സ്ഥലത്ത് അന്വേഷണത്തിനായി എത്തിയ വനംവകുപ്പ് ജീവനക്കാരോട് നാട്ടുകാര്‍ വാക്കുതർക്കമുണ്ടായി. വീട്ടുമുറ്റത്ത് പോലും ജീവനും സ്വത്തിനും രക്ഷയില്ലാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റെജിയുടെ വീടിന്റെ ചുറ്റുമതിലും കടന്നെത്തിയാണ് ആനകള്‍ നെല്ല് ഭക്ഷിച്ചത്. തിന്നതിന് പുറമെ ബാക്കിയുള്ളവയില്‍ പിണ്ഡമിട്ടും മൂത്രമൊഴിച്ചും നശിപ്പിച്ചു. 50,000 രൂപയോളം നഷ്ടമുണ്ടായതായി റെജി പറഞ്ഞു. നെല്ല് ലക്ഷ്യം വെച്ച് എത്തിയതിനിടെ ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലെ രണ്ട് തെങ്ങ്, 10 ചുവട് കപ്പ, കാപ്പിച്ചെടികള്‍ തുടങ്ങിയ വിളകളും ആനകള്‍ നശിപ്പിച്ചു.
വന്യമൃഗശല്ല്യം തടയാനായി റെജി സ്വന്തമായി ഫെന്‍സിങ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് തകര്‍ത്താണ് ആനകള്‍ എത്തിയിരിക്കുന്നത്. ഒരു മാസത്തിനകം റെജിക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. രണ്ട് ഏക്കറോളം വരുന്ന പാടത്താണ് റെജി നെല്‍ക്കൃഷിയിറക്കിയിരുന്നത്. നാലുദിവസം മുന്‍പാണ് വിളവെടുത്തത്. പാതിരി സൗത്ത് സെക്ഷനിലെ നെയ്ക്കുപ്പ വനത്തില്‍നിന്നാണ് ആനകള്‍ ഇവിടേക്കെത്തിയത്. കാട്ടുപന്നി, മയില്‍, മാന്‍, മലയണ്ണാന്‍, കുരങ്ങ് തുടങ്ങി വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്. അതിനാല്‍ തന്നെ വന്യമൃഗങ്ങള്‍ തിന്നുതീര്‍ത്തതിന്റെ ബാക്കി നെല്ലാണ് നീര്‍വാരത്തെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ വിളവെടുക്കാനാകുന്നത്. വനാതിര്‍ത്തിയിലെ കാര്‍ഷികവിളകളും ആളുകളുടെ ജീവനും സംരക്ഷിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങളും വാച്ചര്‍മാരും നോക്കുകുത്തികളാണെന്ന് ജനം ആരോപിക്കുന്നു. ഏറുമാടമൊരുക്കിയും മറ്റുതരത്തില്‍ കാവല്‍നിന്നുമൊക്കെയാണ് ഇവിടങ്ങളില്‍ കൃഷിയൊരുക്കുന്നതും വിളവെടുക്കുന്നതും.
