രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ  കൊന്നിരുന്നു. കർണാടകയിലെ നാഗർഹോള കടുവ സങ്കേതത്തിൽ വെച്ചാണ് കടുവയെ വെടിവെച്ചത്

വയനാട്: കേരള-കർണാടക അതിർത്തിയിലെ നരഭോജി കടുവയെ വനപാലകർ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ കൊന്നിരുന്നു. കർണാടകയിലെ നാഗർഹോള കടുവാസങ്കേതത്തിൽ വെച്ചാണ് കടുവയെ വെടിവെച്ചത്. കടുവയെ കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുകയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കെയാണ് കടുവയെ വെടി വെച്ചിരിക്കുന്നത്. 

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്ത് കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെയും കർണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ മധുവിനെയും പുളിച്ചോട്ടില്‍ ചിന്നപ്പയെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ ദിവസം പ്രഭാത കൃത്യത്തിനായി വനത്തില്‍ പോയപ്പോഴായിരുന്നു കുള്ളനെ കടുവ ആക്രമിച്ചത്.

തുടർച്ചയായി വളര്‍ത്തുമൃഗങ്ങളെയും ഒരു കാട്ടുപോത്തിനെയും കടുവ കൊന്നതോടെ പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് കടുവയെ വെടി വെക്കാൻ തീരുമാനിച്ചത്.

"

കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും കടുവയെ പിടികൂടാനായില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് കടുവയെ വെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.മയക്കുവെടി വച്ച കടുവയെ ഇനി മൃഗശാലയിലെത്തിക്കും.