കാട്ടാക്കടയിൽ 11 കെവി വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ കുരങ്ങനെ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. ഷോക്കേറ്റതിനെ തുടർന്ന് കൈ കരിഞ്ഞുപോവുകയും കാലിന് പരിക്കേൽക്കുകയും ചെയ്ത കുരങ്ങനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ കുരങ്ങനെ രക്ഷിച്ചു. കാട്ടാക്കട പ്ലാവൂർ സ്കൂളിന് മുൻവശത്തുള്ള കെ എസ് ഇ ബിയുടെ 11 കെ വി ഫീഡർ ലൈനിൽ നിന്നാണ് കുരങ്ങന് ഷോക്കേറ്റത്. പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ ആർ ടി അംഗങ്ങളും ചേർന്ന് കുരങ്ങനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

സ്കൂളിന് സമീപത്തെ ഒരു വീട്ടിൽ മൂന്ന് കുരങ്ങുകൾ എത്തിയിരുന്നു. വീട്ടമ്മ ഇവയെ വിരട്ടിയോടിച്ചപ്പോൾ അവിടെ നിന്നും എടുത്തു ചാടിയത് വൈദ്യുത ലൈനിലേക്കാണ്. ഷോക്കേറ്റ കുരങ്ങിന്റെ ഇടതു കൈ കരിഞ്ഞു പോവുകയും വലതു കാലിന് ചെറിയ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതുവഴി കാട്ടാക്കടക്ക് വരികെയായിരുന്ന മാധ്യമപ്രവർത്തകൻ സതീഷ് പേഴുംമൂട് ഉടൻതന്നെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആർ ആർ ടി അംഗങ്ങൾ കുരങ്ങനെ പിടികൂടി വനം വകുപ്പിന്റെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.