നാദാപുരം വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രൻ ജിജീഷ് ഹൃദയാഘാതം മൂലം മരിച്ചു. സുനിലിന്റെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്.

കോഴിക്കോട്: നാദാപുരം വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ മരിച്ചു. വായാട് ഉന്നതിയിലെ ജിജീഷ്(34) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സുനിലിന്റെ വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വട്ടോളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു ജിജീഷ്. ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സുനില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിഞ്ഞുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാരപ്പനാണ് ജീജീഷിന്റെ പിതാവ്. അമ്മ: അമ്മിണി. സഹോദരങ്ങള്‍: മനോജന്‍, ജിജി.