പച്ചക്കറി കച്ചവടത്തിൻറെ മറവിലാണ് ബിജെപി നേതാവും കൂട്ടാളികളും മാഹിയില്‍ നിന്നും മലപ്പുറത്തേക്ക് മദ്യം കടത്തിയത്.

പാണ്ടിക്കാട്: മാഹിയിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തികൊണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും (BJP Candidate) കൂട്ടാളിയും പിടിയിലായി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബി ജെ പി നേതാവ് ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. 

പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിൻറെ മറവിൽ മദ്യ വിൽപ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ (30), പാറക്കോട്ടിൽ നിതിൻ (31) എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. മാഹിയിൽ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പിൽ പാണ്ടിക്കാട് ഹൈസ്‌കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാർഡിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു പിടിയിലായ ശരത് ലാൽ.

എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി പി ജയപ്രകാശ്, പി കെ മുഹമ്മദ് ശഫീഖ്, മനോജ് കുമാർ എസ്, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർമാരായ വിജയൻ, അബ്ദുൽ വഹാബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് അരുൺകുമാർ, വി സുഭാഷ്, വി സച്ചിൻദാസ്, കെ അഖിൽദാസ്, സി ടി ഷംനാസ്, ടി കെ ശ്രീജിത്ത്, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.