Asianet News MalayalamAsianet News Malayalam

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയായിരുന്നു.  വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ ഏഴ് പതിറ്റാണ്ടുകാലം പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു എം.കമലം.  

former minister and congress leader m kamalam passed away
Author
Kozhikode, First Published Jan 30, 2020, 9:05 AM IST

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം അന്തരിച്ചു. 97 വയസായിരുന്നു. കുറച്ചുകാലമായി വാർദ്ധക്യസഹജമായ രോഗബാധിതയായിരുന്നു. കോൺഗ്രസിന്റെ  പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയായിരുന്നു.  വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ ഏഴ് പതിറ്റാണ്ടുകാലം പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു എം.കമലം.  

1946ൽ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലെത്തുന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാർഡിൽ വനിതാസംവരണമായിരുന്നു. നേതാക്കൾ വീട്ടിൽവന്ന് കുതിരവണ്ടിയിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോൺഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോൾ അറസ്റ്റിലായി ജയിൽവാസമനുഷ്ഠിച്ചു.

ഇതിനിടെ സംഘടനാ കോൺഗ്രസ് ജനതാപാർട്ടിയായി. തുടർന്നു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി സ്ഥാനാർഥിയായി കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. ജനതാപാർട്ടി വിട്ട് ജനത(ഗോപാലൻ)യിൽ ചേർന്ന കമലം പിന്നീട് ഇത് കോൺഗ്രസിൽ ലയിച്ചപ്പോൾ കോൺഗ്രസിൽത്തന്നെ തിരിച്ചെത്തി. 1980ൽ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1982ൽ കല്പറ്റയിൽനിന്നു മത്സരിച്ച് കെ. കരുണാകരൻമന്ത്രിസഭയിൽ സഹകരണമന്ത്രിയായി.  ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തൻ, എം. മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ.

Follow Us:
Download App:
  • android
  • ios