കൊയിലാണ്ടി: ഭാഗ്യ പരീക്ഷണങ്ങള്‍ ജീവിതമാര്‍ഗമാക്കി എണ്‍പതുകളില്‍ മലബാറിലെ ഗാനമേളകളില്‍ ഏറെ ആരാധകരുണ്ടായിരുന്ന മണക്കാട് രാജന്‍. ശാസ്ത്രീയമായി സംഗീതം പഠിക്കാതെയായിരുന്നു 35 വര്‍ഷം നീണ്ട മണക്കാട് രാജന്‍റെ പാട്ട് ജീവിതം. സിനിമാ കൊട്ടകയില്‍ നിന്നും കേട്ട പാട്ടുകളാണ് മണക്കാട് രാജനെ ഗാനമേളകളില്‍ സജീവമാക്കിയത്.

കാലം മാറുകയും ഗാനമേളകളുടെ സ്വഭാവം മാറുകയും ചെയ്തതോടെ സ്റ്റേജുകളില്‍ നിന്ന് മണക്കാട് രാജന്‍ പിന്തള്ളപ്പെടുകയായിരുന്നു. പാട്ടിനപ്പുറം പ്രകടനത്തിനും ചടുലതയ്ക്കും ഗാനമേളകളില്‍ പ്രാധാന്യം വന്നതോടെയായിരുന്നു ഈ പിന്മാറ്റം. ഗാനമേള വിട്ട് മലബാറിലെ കല്യാണ വീടുകളിലെ പ്രധാന പാട്ടുകാരനായി. ഓര്‍ക്കസ്ട്രയില്ലാതെ പാടാന്‍ മണക്കാട് രാജന് താല്‍പര്യമില്ല. നിരവധിയാളുകള്‍ ഉപയോഗിക്കുന്ന കരോക്കെയോട് പൊരുത്തപ്പെടാന്‍ സാധിച്ചില്ലെന്ന് മണക്കാട് രാജന്‍ പറയുന്നു.

 

കാലം മുന്നോട്ട് പോകുമ്പോള്‍ പഴയ പാട്ടുകാര്‍ പിന്നോട്ട് പോകുമെന്നതിനെ മണക്കാട് രാജനും തള്ളിക്കളയുന്നില്ല. കൊയിലാണ്ടിയിലെ ലോട്ടറിക്കടയിലാണ് മണക്കാട് രാജനിപ്പോള്‍ ജോലി ചെയ്യുന്നത്. ആര് ആവശ്യപ്പെട്ടാലും പാട്ട് പാടുന്നതിന് ഇപ്പോഴും മുടക്കമില്ല. സിനിമാ നിർമ്മാതാവായ രജീഷിന്‍റെ ലോട്ടറിക്കടയിലാണ് ജോലി. 65ാം വയസിലും രാജന്‍റെ മനോഹര ശബ്ദത്തിന്‍റെ മാറ്റ് കുറയുന്നില്ല. മരിക്കുവോളം പാടണം. ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടില്ലാതെ ജീവിക്കണം. പുതിയ പുതിയ താളങ്ങളും നെഞ്ചേറ്റണം എന്ന് മാത്രമാണ് ഈ ഗായകന്‍റെ അഗ്രഹം.