Asianet News MalayalamAsianet News Malayalam

അര്‍ഹര്‍ക്ക് വീട് നല്‍കിയതിന് അവാര്‍ഡ് നേടിയ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് സ്വന്തം വീടിന് ജപ്തി ഭീഷണി നേരിടുന്നു

അച്യുതാനന്ദൻ മന്ത്രിസഭ അധികാരത്തിലിരുന്നപ്പോളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ച് നല്‍കിയതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ അവാര്‍ഡ് കുറ്റിച്ചാല്‍ പഞ്ചായത്തിന് ലഭിക്കുന്നത്. 

Former panchayat president under threat of confiscation
Author
First Published Jan 10, 2023, 2:43 PM IST


തിരുവനന്തപുരം:  ഇ.എം.എസ് പദ്ധതി വഴി തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍  വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതിന് കുറ്റിച്ചാല്‍ പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന്‍റെ അവാര്‍ഡ് ലഭിച്ചത് പരുത്തിപ്പള്ളി ചന്ദ്രന്‍ (68) പ്രസിഡന്‍റായിരുന്ന കാലത്താണ്. പദ്ധതി വഴി പഞ്ചായത്തിലെ നിര്‍ദ്ധനരും അര്‍ഹരുമായ 200 ഓളം പേര്‍ക്കാണ് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ വീടുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ഇന്ന് അദ്ദേഹത്തിന്‍റെ വീട് ജപ്തി ഭീഷണിയുടെ വക്കിലാണ്. സ്വന്തം വീടിന്‍റെ ജപ്തി ഒഴിവാക്കാനുള്ള ഓട്ടത്തിലാണ് ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്. 

പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുന്ന കാലത്ത് പഞ്ചായത്തിലെ അര്‍ഹര്‍ക്ക് സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ മുഴുവനും. അതിന്‍റെ ഫലമായി അച്യുതാനന്ദൻ മന്ത്രിസഭ അധികാരത്തിലിരുന്നപ്പോളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ച് നല്‍കിയതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ അവാര്‍ഡ് കുറ്റിച്ചാല്‍ പഞ്ചായത്തിന് ലഭിക്കുന്നത്. അതിനിടെ സ്വന്തം വീടിനെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഓരോ ബാധ്യതകള്‍ വരുമ്പോള്‍ കുടുംബ സ്വത്ത് വിറ്റ് അദ്ദേഹം പഞ്ചായത്തിന്‍റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തി. ഇതോടെ കുടുംബ സ്വത്തായി കിട്ടിയ ലക്ഷങ്ങള്‍ വിലയുളള ഭൂമിയും വീടും നഷ്ടമായി. പിന്നീട് വാടക വീട്ടിലേക്ക് താമസം മാറ്റി. 

അങ്ങനെ 15 വർഷം മുമ്പ് ബാങ്ക് വായ്പ തരപ്പെടുത്തി പരുത്തിപള്ളി കുറ്റിച്ചല്‍ ചാമുണ്ഡി നഗറില്‍ അദ്ദേഹം 8 സെന്‍റ് ഭൂമിയും പഴക്കം ചെന്ന ഒരു വീടും സ്വന്തമാക്കി. വായ്പ കൃത്യമായി തിരിച്ചടച്ചതോടെ പുതിയ വീടുവയ്ക്കാന്‍ 2,70,000/-രൂപ ബാങ്ക് വായ്പ നല്‍കി. സര്‍ക്കാര്‍ മാനദണ്ഡങ്ങൾ പലിച്ച് 650 ചരുശ്ര അടി വീടിനുള്ള പ്ലാനും അദ്ദേഹം തയ്യാറാക്കി. ഏഴ് വര്‍ഷം മുമ്പ് ചുമരുയര്‍ത്തി മേല്‍ക്കൂര വാര്‍ത്ത്, മുന്നിലും പിന്നിലുമുള്ള വാതിലുകള്‍ പിടിപ്പിച്ചതൊഴിച്ചാല്‍ മറ്റ് ജോലികളൊന്നും തീര്‍ന്നിട്ടില്ല. വയറിങ്ങ് പൂര്‍ത്തിയാക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല. കൊവിഡ് മഹാമാരിയുടെ കാലം വരെ വായ്പാ തിരിച്ചടവ് കൃത്യമായി തന്നെ നടത്തി. എന്നാല്‍, മഹാമാരിയുടെ വ്യാപനം അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെയും താളം തെറ്റിച്ചു. മക്കളുടെ പഠനവും മറ്റ് ചെലവുകളുമായപ്പോള്‍ ബാങ്ക് തിരിച്ചടവ് മുടങ്ങി. പലതരത്തില്‍ വായ്പാ തിരിച്ചടവിന് ശ്രമിച്ചെങ്കിലും പല തവണ മുടങ്ങി. ഇതിനിടെ പലിശയും കൂട്ടുപലിശയും കൂടിക്കൊണ്ടേയിരുന്നു. ബാധ്യത ലക്ഷങ്ങളായി ഉയര്‍ന്നു. പഞ്ചായത്തിലെ അര്‍ഹരായ അനേകം പേര്‍ക്ക് വീടിന് അനുമതി നല്‍കിയ അദ്ദേഹം ഇന്ന് സ്വന്തം വീട് കൈവിട്ട് പോകുമെന്ന ഭയത്തിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 

കെഎസ്‍വൈഎഫിന്‍റെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായി രാഷ്ട്രിയ രംഗത്തെത്തിയ പരുത്തിപ്പള്ളി ചന്ദ്രന്‍ ഡിവൈഎഫ്ഐയുടെ കാട്ടാക്കട ഏര്യാ സെക്രട്ടറിയായും പ്രസിഡന്‍റായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 18 വര്‍ഷം സിപിഎമ്മിന്‍റെ കാട്ടാക്കട ഏര്യ കമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം സിപിഎമ്മിന്‍റെ കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കര്‍ഷക സംഘം ഏര്യാ സെക്രട്ടറി. പ്രസിഡന്‍റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios